ഇന്ന് അന്തരിച്ച ഇന്ത്യന്‍ പെലെ മുഹമ്മദ് ഹബീബുമായി 2017ല്‍ നടത്തിയ അഭിമുഖം....
ഹാജി മസ്താന് ഇന്ത്യന്‍ ടീമിനെ സ്പോണ്സര് ചെയ്യുകയോ, അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. സ്പോര്‍ട്സ് വന്‍ ബിസിനസായി മാറാത്ത എഴുപതുകളില്‍ ബോംബെ അധോലോക വീരന് ഹാജി മസ്താന് ഇന്ത്യന്‍ ടീമിന്റെ ജഴ്സി സ്പോണ്സര് ചെയ്തിരുന്നതായി വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ഫുട്ബോളിലെ രോമാഞ്ചമായിരുന്ന മുഹമ്മദ് ഹബീബാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ഇന്നത്തെക്കാള്‍ സമ്പന്നവും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ഖജനാവ് ഇന്നത്തെക്കാള്‍ ദരിദ്രവുമായ കാലത്താണ് മെര്‍ദേക്ക ടൂര്‍ണമെന്റിനുള്ള ടീമിന്റെ ജഴ്സി സ്പോണ്സര് ചെയ്യാന്‍ അന്നത്തെ ജനറല്‍ സെക്രട്ടറി സുല്‍ഫിഖര്‍ സാഹിബ് ഹാജി മസ്താനെ സമീപിച്ചതെന്ന് ഹബീബ് പറഞ്ഞു. എഴുപതുകളില്‍ കളിക്കാരനെന്ന നിലയിലും പിന്നീട് കുശാഗ്രബുദ്ധിയായ കോച്ചെന്ന നിലയിലും ഇന്ത്യന്‍ ഫുട്ബോളിന് അമൂല്യമായ സംഭാവന നല്കിയ ഹബീബ് പ്രശസ്തനായ അനുജന് അക്ബറിനൊപ്പമാണ് ജിദ്ദയിലെത്തിയത്.
പഴയകാല ഫുട്ബോള്‍ പ്രേമികള്‍ക്ക് ഹബീബ് എന്ന കിടയറ്റ സ്ട്രൈക്കറെ മറക്കാനാവില്ല. ഹബീബ് സേട്ട് നാഗ്ജി ട്രോഫിയില്‍ കളിക്കാന്‍ കോഴിക്കോട്ടെത്തിയതറിഞ്ഞ് കേരളത്തിന്റെ നാനാഭാഗത്തു നിന്ന് ഫുട്ബോള്‍ പ്രേമികള്‍ അവിടേക്ക് ഒഴുകിയിട്ടുണ്ടെന്ന് സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹത്തെ കാണാന്‍ പോയ പഴയ കാല യൂനിവേഴ്സിറ്റി താരം കണ്ണൂര്‍ അബ്ദുറഫീഖ് പറയുന്നു. കേരള ഫുട്ബോളിനെക്കുറിച്ച് ഹബീബിനും മായാത്ത ഓര്‍മകളാണ്. ഒരു ടൂര്‍ണമെന്റില്‍ നിന്ന് മറ്റൊന്നിലേക്കായി രണ്ടു മാസത്തോളം തങ്ങള്‍ കേരളത്തിന്റെ ഒരു മൂലയില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിച്ച കാര്യം അദ്ദേഹം ഓര്‍ക്കുന്നു.
ഹബീബ് എന്ന കളിക്കാരനാണോ ഹബീബ് എന്ന കോച്ചാണോ മികച്ചത് എന്നു ചോദിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രയാസമാവും. പെലെയുടെയും ഫ്രാന്‍സ് ബെക്കന്ബവറുടെയും ടീമിനെതിരെ ഗോളടിച്ചിട്ടുണ്ട് ഈ ഹൈദരാബാദുകാരന്. ഇരുവരുമുള്‍പ്പെട്ട ന്യൂയോര്‍ക്ക് കോസ്മോസ് ക്ലബ്ബ് 1977 ല്‍ കൊല്‍ക്കത്തയില്‍ കളിച്ചപ്പോള്‍. പതിനാറാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തുകയും ഇന്ത്യയെ നയിക്കുകയും ചെയ്തു അദ്ദേഹം. കല്‍ക്കത്ത ഫുട്ബോളിന്റെ പ്രതാപകാലത്ത് അവിടത്തെ മൂന്ന് ക്ലബ്ബുകളുടെയും കുപ്പായമിട്ടു. 17 വര്‍ഷം അദ്ദേഹം കല്‍ക്കത്തയില്‍ കളിച്ചു. അന്യ സംസ്ഥാനക്കാരനായ മറ്റൊരു കളിക്കാരനും ഇത്ര ദീര്‍ഘകാലം കല്‍ക്കത്തയുടെ മനം കവരാനായിട്ടില്ല. ഏഷ്യന്‍ ഇലവനില്‍ മൂന്നു തവണ ഇടം നേടി.
ഹബീബ് എന്ന കോച്ചിന് അതിനെക്കാള്‍ മികച്ച റെക്കോര്‍ഡുണ്ട്. ബോബ് ഹൗട്ടന്റെ കീഴിലാവാം ഈയിടെ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ കളിച്ചത്. പക്ഷെ ടീമിലെ പതിനെട്ടു പേര് ഹബീബ് കണ്ടെടുത്തവരായിരുന്നു. 17 വര്‍ഷത്തോളം അദ്ദേഹം ടാറ്റാ ഫുട്ബോള്‍ അക്കാദമിയുടെ കോച്ചായി. അക്കാലത്ത് ഇന്ത്യന്‍ ഫുട്ബോളിന്റെ കളിത്തൊട്ടിലായിരുന്നു അക്കാദമി. എണ്ണമറ്റ കളിക്കാര്‍ ടി.എഫ്.എയിലൂടെ ഇന്ത്യന്‍ കുപ്പായമിട്ടു. മുഹമ്മദന്സിന്റെയും ഐ.ഐ.ടി ബാംഗ്ലൂരിന്റെയും കൊല്‍ക്കത്തയിലെ ഐ.എഫ്.എ അക്കാദമിയുടെയും കോച്ചായി. ഇന്ത്യന്‍ യൂത്ത് ടീമിനെ പരിശീലിപ്പിച്ചു. എന്നിട്ടും ഏറെ വൈകി 1980 ലാണ് രാജ്യം അദ്ദേഹത്തിന അര്‍ജുന ബഹുമതി സമ്മാനിച്ചത്.
ഇപ്പോള്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ നിരീക്ഷകനും അര്‍ജുന, പത്മ ബഹുമതികളുടെ സെലക്ഷന് കമ്മിറ്റി അംഗവുമായ ഹബീബിന് ഹൗട്ടന്റെ നേട്ടങ്ങളില്‍ മതിപ്പ് പോരാ. പ്രതിമാസം 35 ലക്ഷത്തോളം രൂപ ഹൗട്ടനായി ഫെഡറേഷന് ചെലവിട്ടുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. നിരന്തര പരിശീലനമെന്ന പേരില്‍ അദ്ദേഹം കളിക്കാരെ ക്യാമ്പുകളില്‍ തളച്ചിട്ടു. അത് മുന്‍നിര ക്ല്ബ്ബുകളെ കാര്യമായി ബാധിച്ചു. ഇന്ത്യയെന്ന വൈവിധ്യത്തെ അറിയാത്തവരാണ് വിദേശ കോച്ചുമാര്‍. പലതരം ഭാഷയും സംസ്കാരവും ഭക്ഷണരീതിയുമുള്ളവരാണ് ഇന്ത്യക്കാര്‍. ഒരു സ്ഥലത്ത് തളച്ചിടുന്നത് അവരുടെ വളര്‍ച്ചയെയും മാനസികാവസ്ഥയെയും കാര്യമായി ബാധിക്കുമെന്ന് ഹബീബ് ചൂണ്ടിക്കാട്ടുന്നു.
അധ്യാപകനായിരുന്നു ഹബീബിന്റെ പിതാവ്. ആറ് സഹോദരന്മാരായിരുന്നു അവര്‍. സിറ്റി കോളേജ് ഓള്‍ഡ് ബോയ്സിലൂടെയാണ് അറുപതുകളുടെ തുടക്കത്തില്‍ പതിനാറാം വയസ്സില്‍ ഹബീബ് കൊല്‍ക്കത്തയിലെത്തിയത്. ഹബീബ് കല്‍ക്കത്തയിലെത്തി രണ്ടു വര്‍ഷത്തിനു ശേഷം മോയിന്‍ മുഹമ്മദന്‍സില്‍ ചേര്‍ന്നു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ മൂന്നാമത്തെ സഹോദരന് മുഹമ്മദ് ഫരീദും പ്രൊഫഷനല്‍ ഫുട്ബോളറായി. ആറു പേരും വൈകാതെ കളിക്കളത്തില്‍ തിളങ്ങി. എന്നാല്‍ ഹബീബും അക്ബറുമാണ് ഉയരങ്ങള്‍ കീഴടക്കിയത്. തങ്ങള്‍ക്ക് എന്നും പ്രചോദനകേന്ദ്രമായിരുന്നു ഹബീബെന്ന് അക്ബര്‍ പറയുന്നു. ഹബീബ് ഭായിയാണ് ഞങ്ങളുടെ മാര്‍ഗദര്‍ശി. ഹൈദരാബാദ് സിറ്റി പോലീസില്‍ കളിക്കാന്‍ അദ്ദേഹമാണ് എന്നെ നിര്‍ബന്ധിച്ചത്. അതുവഴിയാണ് ഞാന്‍ പ്രമുഖ ക്ലബ്ബുകളുടെ ദഷ്ടിയില്‍ പെട്ടത്. ഹബീബ് ഭായി കൊല്‍ക്കത്തയില്‍ കളിച്ചത് ഞങ്ങള്‍ക്കെല്ലാം ആവേശമായി. കളിയായിരുന്നു അന്ന് ഹരം. കളിയിലൂടെ ജീവിതമാര്‍ഗം കണ്ടെത്തണമെന്ന് ചിന്തിച്ചിരുന്നില്ല -അക്ബര്‍ ഓര്‍ക്കുന്നു. 1969 ല്‍ അക്ബര്‍ ജൂനിയര്‍ ഇന്ത്യന്‍ ടീമിലെത്തി. മോഹന്‍ ബഗാന് കളിക്കുമ്പോള്‍ ഈസ്റ്റ് ബംഗാളിനെതിരെ കിക്കോഫില്‍ നിന്ന് മുന്നേറി ഗോളടിച്ചിട്ടുണ്ട് അക്ബര്‍. 1973 ല്‍ വടക്കന്‍ കൊറിയക്കെതിരെ ഈസ്റ്റ് ബംഗാളിനു വേണ്ടിയും സ്കോര്‍ ചെയ്തു.
ഹൈദരാബാദ് തിരിച്ചെന്തെങ്കിലും നല്കാന് ഹബീബിനും അക്ബറിനും വലിയ മോഹമുണ്ടായിരുന്നു. പക്ഷെ വിഭാഗീയത തളര്‍ത്തിയ ആന്ധ്രാ ഫുട്ബോള്‍ അസോസിയേഷന് അതെക്കുറിച്ചൊന്നും ചിന്തിക്കാന്‍ നേരമില്ല. ഹൈദരാബാദ് ഫുട്ബോളിനെന്തു പറ്റിയെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ തനിക്ക് ദുഃഖം തോന്നുമെന്ന് ഹബീബ് പറയുന്നു. ഇന്ത്യക്ക് വലിയ കളിക്കാരെ സംഭാവന ചെയ്ത കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിലും ഇരുവരും ദുഃഖിതരാണ്. ഓരോ സംസ്ഥാന തലസ്ഥാനത്തും പ്രൊഫഷനല്‍ ഫുട്ബോള്‍ അക്കാദമികള്‍ സ്ഥാപിക്കണമെന്നും അതിലൂടെയേ കളിക്കാരെ വളര്‍ത്തിയെടുക്കാനാവൂ എന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ടാറ്റാ ഫുട്ബോള്‍ അക്കാദമി കോച്ചായിരിക്കെ ബ്രസീലില്‍ സന്ദര്‍ശിച്ച അനുഭവം ഹബീബ് അനുസ്മരിക്കുന്നു. ഫുട്ബോളിനോടുള്ള ആവേശം പരിഗണിക്കുമ്പോള്‍ ബ്രസീലും ഇന്ത്യയിലെ കേരളം, കൊല്‍ക്കത്ത തുടങ്ങിയ പ്രദേശങ്ങളും സമാനമാണെന്ന് അദ്ദേഹം പറയുന്നു. ശരീരപ്രകൃതിയിലും വലിയ വ്യത്യാസമില്ല. ഈ ആവേശം നേട്ടമാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് ബ്രസീലിന്റെ മേന്മ. ബ്രസീലിന്റെയും യൂറോപ്യന്‍ ക്ലബ്ബുകളുടെയും കളി കണ്ട് സായൂജ്യമടയാനാണ് നമുക്ക് വിധി.
ഹബീബിന്റെ മകനും കുടുംബവും ജിദ്ദ അസീസിയയിലാണ് താമസം. ജിദ്ദയിലെത്തുമ്പോഴൊക്കെ ഇന്ത്യക്കാരുടെ ഫുട്ബോള്‍ കളി കാണാന്‍ താന്‍ താല്പര്യപ്പെടാറുണ്ടായിരുന്നുവെന്ന് കണ്ണൂര്‍ വെല്‍ഫയര്‍ ഫോറത്തിന്റെ കീഴിലുള്ള ജിദ്ദ സ്പോര്‍ട്സ് ക്ലബ്ബ് കോച്ചിംഗ് ക്യാമ്പ് സന്ദര്‍ശിക്കവെ ഹബീബ് പറഞ്ഞു. ഇപ്പോഴാണ് അതിന് അവസരം കിട്ടിയത്. ഇനി ജിദ്ദയിലെത്തിയാല്‍ കുട്ടികള്‍ക്ക് കളി പറഞ്ഞുകൊടുക്കാന്‍ താനുണ്ടാവുമെന്ന് അദ്ദേഹം വാഗ്ദാനം നല്കി.






