മാനെ ഗോളടിച്ചിട്ടും അന്നസ്‌റിന് തോല്‍വി

ദമാം - സൗദി പ്രൊഫഷനല്‍ ഫുട്‌ബോള്‍ ലീഗിലെ ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ അന്നസ്‌റിന് തോല്‍വി. എവേ മത്സരത്തില്‍ അവര്‍ സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കുന്ന അല്‍ഇത്തിഫാഖിനോട് 1-2 ന് തോറ്റു. കഴിഞ്ഞയാഴ്ച റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ അറബ് ക്ലബ്ബ് കിരീടമുയര്‍ത്തി അന്നസ്ര്‍ നാലാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ ശേഷമാണ് തോറ്റത്. ദമാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ റൊണാള്‍ഡോക്ക് വിശ്രമം നല്‍കിയിരുന്നു.
ബയേണ്‍ മ്യൂണിക്കില്‍ നിന്നെത്തിയ സെനഗാല്‍ നായകന്‍ സാദിയൊ മാനെ നാലാം മിനിറ്റില്‍ തന്നെ അന്നസ്‌റിനെ മുന്നിലെത്തിച്ചു. ഇടവേളക്കു ശേഷം ഇത്തിഫാഖ് തിരിച്ചടിച്ചു. നാല്‍പത്തേഴാം മിനിറ്റില്‍ റോബിന്‍സന്‍ ക്വായ്‌സനും 53ാം മിനിറ്റില്‍ മൂസ ദെംബെലെയും ഗോളടിച്ചു. അല്‍ശബാബും അല്‍അഖ്ദൂദും ഓരോ ഗോളടിച്ചു പിരിഞ്ഞു. ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദാണ് ഗോള്‍വ്യത്യാസത്തില്‍ മുന്നില്‍. 
ബ്രസീലുകാരന്‍ വിംഗര്‍ മാല്‍ക്കമായിരുന്നു മറ്റൊരു ബ്രസീല്‍ സ്‌ട്രൈക്കര്‍ റോബര്‍ട് ഫിര്‍മിനോയുമായിരുന്നു ആദ്യ റൗണ്ട് മത്സരങ്ങളിലെ ഹീറോ. അല്‍ഹിലാലിനു വേണ്ടിയുള്ള സൗദി ലീഗ് അരങ്ങേറ്റത്തില്‍ അബഹക്കെതിരെ മാല്‍ക്കം ഹാട്രിക് നേടി. 3-1 ന് ഹിലാല്‍ മത്സരം ജയിച്ചു. 31, 55, 77 മിനിറ്റുകളിലായാണ് മാല്‍ക്കമിന്റെ ഗോളുകള്‍. മുപ്പത്തിമൂന്നാം മിനിറ്റില്‍ സഅദ് ബാഖിര്‍ ഒരു ഗോള്‍ മടക്കി. അല്‍ഹസമിനെതിരെ അല്‍അഹ്‌ലിക്കു വേണ്ടി ഫിര്‍മിനോയും ഹാട്രിക് സ്വന്തമാക്കി. 
അല്‍ഇത്തിഹാദിനു വേണ്ടി ബുറൈദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ കരീം ബെന്‍സീമക്ക് സ്‌കോര്‍ ചെയ്യാനായില്ല. എങ്കിലും നിലവിലെ ചാമ്പ്യന്മാരും എവേ ജയത്തോടെ തുടങ്ങി. 3-0 ന് അവര്‍ അല്‍റഅദിനെ തകര്‍ത്തു. മൂന്നു ഗോളും രണ്ടാം പകുതിയിലായിരുന്നു. അബ്ദുറസാഖ് ഹംദല്ല സ്‌കോറിംഗ് തുടങ്ങിയപ്പോള്‍ ഇഗോര്‍ കോറണാഡൊ ഇരട്ട ഗോള്‍ സ്വന്തമാക്കി. ബെന്‍സീമ ഒരു ഗോളിന് അവസരമൊരുക്കി. എന്‍ഗോളൊ കാണ്ടെ മറ്റൊന്നിനും. ഫാബിഞ്ഞോയും മധ്യനിരയിലുണ്ടായിരുന്നു. 
 

Latest News