മഡ്രീഡ് - ചെല്‍സിയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ കെപ അരിസബലാഗയെ ലോണില്‍ റയല്‍ മഡ്രീഡ് സ്വന്തമാക്കി. പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റ തിബൊ കോര്‍ട്‌വയുടെ അസാന്നിധ്യം പരിഹരിക്കാനാണ് അടിയന്തരമായി കെപയെ കൊണ്ടുവന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഏതാനും അവസരങ്ങള്‍ മാത്രം കിട്ടിയ ആന്ദ്രെ ലൂനിനാണ് സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തില്‍ റയലിന്റെ വഴി കാട്ടിയത്. കെപ റിസര്‍വ് ഗോളിയായാണോ വന്നതെന്ന് വ്യക്തമല്ല. പുതിയ ഗോള്‍കീപ്പറെ ടീമിലെടുത്താലും ലൂനിനായിരിക്കും വല കാക്കുകയെന്ന് കഴിഞ്ഞ ദിവസം കോച്ച് കാര്‍ലൊ ആഞ്ചലോട്ടി വ്യക്തമാക്കിയിരുന്നു.
കെപ ബയേണ്‍ മ്യൂണിക്കിലേക്ക് പോവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബയേണ്‍ നായകന്‍ കൂടിയായ മാന്വേല്‍ നോയര്‍ പരിക്കു കാരണം വിട്ടുനില്‍ക്കുകയാണ്. ഇരുപത്തെട്ടുകാരനില്‍ റയല്‍ ശ്രദ്ധ പതിപ്പിച്ചതോടെ ബയേണ്‍ പിന്മാറുകയായിരുന്നു. 2018 ല്‍ എട്ട് കോടി യൂറോക്ക് ചെല്‍സി സ്വന്തമാക്കിയപ്പോള്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഗോളിയായി മാറിയിരുന്നു കെപ. റയലിലേക്ക് പോവുന്ന കോര്‍ട്‌വക്കു പകരക്കാരനെന്ന നിലയിലാണ് ചെല്‍സിയില്‍ ചേര്‍ന്നത്. ആദ്യ കളിയില്‍ എഡര്‍ മിലിറ്റാവുമ്പോഴേക്ക് ഗുരുതരമായി പരിക്കേറ്റതും റയലിന് ക്ഷീണമാണ്.






