മാസ് എന്‍ട്രിയായി മാല്‍ക്കം, ഗോളില്ലാതെ ബെന്‍സീമ

അബഹ - പാരിസില്‍ നെയ്മാറുമായി അല്‍ഹിലാല്‍ അധികൃതര്‍ കരാറൊപ്പിടാനൊരുങ്ങുമ്പോള്‍ അവരുടെ നീല ജഴ്‌സിയില്‍ അബഹയില്‍ മറ്റൊരു ബ്രസീലുകാരന്‍ ആഘോഷിക്കുകയായിരുന്നു. ബ്രസീലുകാരന്‍ വിംഗര്‍ മാല്‍ക്കം അല്‍ഹിലാലിനു വേണ്ടിയുള്ള സൗദി ലീഗ് അരങ്ങേറ്റത്തില്‍ അബഹക്കെതിരെ ഹാട്രിക് നേടി. 3-1 ന് ഹിലാല്‍ മത്സരം ജയിച്ചു. 31, 55, 77 മിനിറ്റുകളിലായാണ് മാല്‍ക്കമിന്റെ ഗോളുകള്‍. മുപ്പത്തിമൂന്നാം മിനിറ്റില്‍ സഅദ് ബാഖിര്‍ ഒരു ഗോള്‍ മടക്കി.
അല്‍ഇത്തിഹാദിനു വേണ്ടി ബുറൈദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ കരീം ബെന്‍സീമക്ക് സ്‌കോര്‍ ചെയ്യാനായില്ല. എങ്കിലും നിലവിലെ ചാമ്പ്യന്മാരും എവേ ജയത്തോടെ തുടങ്ങി. 3-0 ന് അവര്‍ അല്‍റഅദിനെ തകര്‍ത്തു. മൂന്നു ഗോളും രണ്ടാം പകുതിയിലായിരുന്നു. അബ്ദുറസാഖ് ഹംദല്ല സ്‌കോറിംഗ് തുടങ്ങിയപ്പോള്‍ ഇഗോര്‍ കോറണാഡൊ ഇരട്ട ഗോള്‍ സ്വന്തമാക്കി. 

Latest News