പാരിസ് - സൗദി അറേബ്യന്‍ ക്ലബ്ബ് ഫുട്‌ബോളിന് ഇനി നെയ്മാറിന്റെ ആനച്ചന്തം. പി.എസ്.ജി വിട്ട ബ്രസീല്‍ താരം മുന്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ഹിലാലുമായി രണ്ടു വര്‍ഷത്തെ കരാറൊപ്പിട്ടതായി സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 17.5 കോടി ഡോളറിന്റെ രണ്ടു വര്‍ഷത്തെ ഓഫര്‍ പി.എസ്.ജി സ്വീകരിച്ചതോടെ ഇനി കരാറിന് മിനുക്കുപണികള്‍ മാത്രമാണ് ബാക്കി. ബ്രസീല്‍ താരത്തിന് മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവണമെന്ന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഹിലാലിന്റെ ഓഫര്‍ അവഗണിക്കാനാവാത്തതായിരുന്നു. ലിയണല്‍ മെസ്സിയെയോ കീലിയന്‍ എംബാപ്പെയെയോ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ട അല്‍ഹിലാലിന് നെയ്മാറിന്റെ വരവ് ആശ്വാസമായി. അതേസമയം മെസ്സിയെയും നെയ്മാറിനെയും കിട്ടാത്തത് ബാഴ്‌സലോണക്ക് വലിയ നിരാശ പകരും. നെയ്മാറിനെ പ്രവാസ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്ന ട്രോളുകളുമായി മലയാളി പ്രവാസികളും സൗദി ഫുട്‌ബോള്‍ ആരാധകരുടെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു.
ട്രാന്‍സ്ഫര്‍ ഇതുവരെ പി.എസ്.ജി സ്ഥിരീകരിച്ചിട്ടില്ല. ഒമ്പത് കോടി യൂറോ ട്രാന്‍സ്ഫര്‍ തുകയാണ് പി.എസ്.ജിക്ക് കിട്ടുകയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പാരിസില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ നെയ്മാര്‍ നാളെ റിയാദിലെത്തും. കിംഗ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും പ്രസന്റേഷന്‍ ചടങ്ങ്. പോര്‍ചുഗീസുകാരനായ ജോര്‍ജെ ജീസസ് പരിശീലിപ്പിക്കുന്ന അല്‍ഹിലാല്‍ ശനിയാഴ്ച ഹോം മത്സരത്തില്‍ അല്‍ഫൈഹയുമായി കളിക്കുന്നുണ്ട്. നെയ്മാര്‍ പത്താം നമ്പര്‍ ജഴ്‌സിയില്‍ ഇറങ്ങുമെന്നാണ് സൂചന.
ലോറിയന്റിനെതിരായ ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിനുള്ള ടീമില്‍ കീലിയന്‍ എംബാപ്പെ, നെയ്മാര്‍, വെറാറ്റി എന്നിവരെ പി.എസ്.ജി ഒഴിവാക്കിയിരുന്നു. നെയ്മാര്‍ ടീം വിടുമെന്നതു മുന്നില്‍ കണ്ട് ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാന്‍ ദെംബെലെയെ പി.എസ്.ജി സ്വന്തമാക്കുകയും ചെയ്തു. ദെംബെലെയെ ബാഴ്‌സലോണയില്‍ നിന്ന് 5.04 കോടി യൂറോക്കാണ് പി.എസ്.ജി സ്വന്തമാക്കിയത്. ഇരുപത്താറുകാരന്‍ പാരിസിന്റെ പ്രാന്തപ്രദേശമായ വെര്‍നോണിലാണ് ജനിച്ചത്. 2017 ല്‍ ക്ലബ്ബ് റെക്കോര്‍ഡായ 14.7 കോടി യൂറോക്കാണ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ബാഴ്‌സലോണയില്‍ ചേര്‍ന്നത്. അന്ന് പി.എ്‌സ്.ജിയിലേക്ക് ചേക്കേറിയ നെയ്മാറിന് പകരക്കാരനായാണ് ബാഴ്‌സലോണ ദെംബെലെയെ കൊണ്ടുവന്നത്. ഇപ്പോള്‍ നെയ്മാറിനു പകരക്കാരനായി പി.എസ്.ജിയില്‍ എത്തിയിരിക്കുകയാണ് ദെംബെലെ.






