ബാഴ്‌സലോണ - ഇംഗ്ലിഷ് യുവ താരം ജൂഡ് ബെലിംഗാം സ്വപ്‌ന അരങ്ങേറ്റം നടത്തിയിട്ടും സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ പുതിയ സീസണിലെ ആദ്യ മത്സരം റയല്‍ മഡ്രീഡിന് നിരാശയുടേതായി. അത്‌ലറ്റിക് ബില്‍ബാവോയെ 2-0 ന് തോല്‍പിച്ച മത്സരത്തില്‍ ബ്രസീലിയന്‍ ഡിഫന്റര്‍ എഡര്‍ മിലിറ്റാവോക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാല്‍മുട്ടിന്റെ കുഴ തെറ്റിയ മിലിറ്റാവോയെ ശസ്ത്രക്രിയക്ക് വിധേയനാക്കും. പരിക്കേറ്റ് ശസ്ത്രക്രിയക്കൊരുങ്ങുന്ന ഗോള്‍കീപ്പര്‍ തിബൊ കോര്‍ട്‌വ ഇല്ലാതെ ഇറങ്ങിയ റയലിന് ഇത് ഇരട്ടപ്രഹരമായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അപൂര്‍വമായി മാത്രം അവസരം കിട്ടിയിരുന്ന രണ്ടാം ഗോളി ആന്ദ്രെ ലൂനിനാണ് വല കാത്തത്.
ഇരുപതുകാരനായ ബെലിംഗാം 13 കോടി യൂറോയുടെ കരാറിലാണ് ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ഈയിടെ റയലില്‍ എത്തിയത്. സിനദിന്‍ സിദാന്‍ അണിഞ്ഞിരുന്ന അഞ്ചാം നമ്പറാണ് ബെലിംഗാമിന് ലഭിച്ചത്. സിദാനെ അനുസ്മരിപ്പിക്കുന്ന ചില നീക്കങ്ങള്‍ ബെലിംഗാമില്‍ നിന്നുണ്ടായെങ്കിലും സിദാന്റേതു പോലെ ചന്തത്തില്‍ ചാലിച്ചതായിരുന്നില്ല ബെലിംഗാമിന്റെ ഗോള്‍. ഭാഗ്യത്തില്‍ നേടിയതായിരുന്നു. ഡാവിഡ് ആലബയുടെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബെലിംഗാം തടുത്തിട്ടതായിരുന്നു. പന്ത് കുത്തിയുയര്‍ന്ന് ഗോളി ഉനായ് സിമോണിനെ കീഴടക്കി.
ബെലിംഗാം സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം നേടിയപ്പോള്‍ ടോണി ക്രൂസും ലൂക്ക മോദിറിച്ചും റിസര്‍വ് ബെഞ്ചിലായിരുന്നു.
മുപ്പതാം മിനിറ്റില്‍ റോഡ്രിഗോയിലൂടെ റയല്‍ ലീഡ് നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും റയല്‍ അടിയറ വെച്ചിരുന്നു.






