ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ആദ്യ റൗണ്ട് മത്സരത്തില്‍ സൂപ്പര്‍ ടീമായി ന്യൂകാസില്‍. സൗദി ഉടമസ്ഥതയിലുള്ള ടീം 5-1 ന് ആസ്റ്റണ്‍വില്ലയെ തകര്‍ത്തു. ഇന്ന് ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവാനിരിക്കെ ഒന്നാം സ്ഥാനത്ത് ന്യൂകാസിലാണ്. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ന്യൂകാസില്‍ ചാമ്പ്യന്‍സ് ലീഗില്‍ ബെര്‍ത്ത് നേടിയിട്ടുണ്ട്. ആസ്റ്റണ്‍വില്ലയും കഴിഞ്ഞ സീസണില്‍ പ്രതീക്ഷകളെ കവച്ചുവെച്ചിരുന്നു. കോച്ചുമാരായ എഡ്ഡി ഹോവെയും ഉനായ് എമറിയും കോച്ച് ഓഫ് ദ സീസണിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
ആസ്റ്റണ്‍വില്ലയുടെ അര്‍ജന്റീനക്കാരന്‍ ഗോളി എമിലിയാനൊ മാര്‍ടിനേസിന്റെ തകര്‍പ്പന്‍ സെയ്‌വുകളാണ് കൂടുതല്‍ ദയനീയമായ തോല്‍വിയില്‍ നിന്ന് ആസ്റ്റണ്‍വില്ലയെ രക്ഷിച്ചത്. അലക്‌സാണ്ടര്‍ ഐസക് രണ്ടു ഗോളടിച്ചു.
16 മിനിറ്റില്‍ തന്നെ മൂന്നു ഗോള്‍ പിറന്ന ആവേശകരമായ പോരാട്ടത്തിനു ശേഷമാണ് ന്യൂകാസില്‍ കടിഞ്ഞാണേറ്റെടുത്തത്. പുതുമുഖം സാന്ദ്രൊ ടോണാലിയിലൂടെ ന്യൂകാസില്‍ സ്‌കോറിംഗ് തുടങ്ങി. മൂസ ദിയാബി തിരിച്ചടിച്ചു. ഐസക്കിലൂടെ ന്യൂകാസില്‍ ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം പകുതിയില്‍ ന്യൂകാസില്‍ മാത്രമായിരുന്നു.






