ജയ് ഹോ, ജയ്‌സ്വാള്‍-ശുഭ്മന്‍ ഷോ

ലോഡര്‍ഹില്‍- ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളും (50 പന്തില്‍ 84 നോട്ടൗട്ട്) ശുഭ്മന്‍ ഗില്ലും (47 പന്തില്‍ 77) ഒപ്പത്തിനൊപ്പം അടിച്ചുതകര്‍ത്തപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യക്ക് മൂന്നോവര്‍ ശേഷിക്കെ ഒമ്പതു വിക്കറ്റ് ജയം. ജയത്തിനരികിലാണ് ഇന്ത്യക്ക് ഗില്ലിനെ നഷ്ടപ്പെട്ടത്. ആദ്യ വിക്കറ്റില്‍ 165 റണ്‍സ് പിറന്നു. ഇതോടെ അഞ്ചു മത്സര പരമ്പര 2-2 ആയി. അവസാന കളിയിലെ വിജയികള്‍ പരമ്പര നേടും. വിന്‍ഡീസിന്റെ എട്ടിന് 178 ഇന്ത്യക്ക് വെല്ലുവിളിയേ ആയില്ല. 30 പന്തില്‍ ഗില്ലും 33 പന്തില്‍ ജയ്‌സ്വാളും അര്‍ധ ശതകം പിന്നിട്ടു. പത്തോവറില്‍ 100 റണ്‍സ് പിറന്നു.  
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ കിരീടപ്രതീക്ഷ നിലനിര്‍ത്താന്‍ നാലാം മത്സരത്തില്‍ ഇന്ത്യ ഒമ്പത് റണ്‍സ് നിരക്കില്‍ സ്‌കോര്‍ ചെയ്യണം. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് എട്ടിന് 178 റണ്‍സെടുത്തു. ടീമില്‍ തിരിച്ചെത്തിയ ഏകദിന ക്യാപ്റ്റന്‍ ഷായ് ഹോപും (29 പന്തില്‍ 45) ഷിംറോണ്‍ ഹെത്മയറുമാണ് (39 പന്തില്‍ 61) വിന്‍ഡീസിനെ ചുമലിലേറ്റിയത്. 
കയ്ല്‍ മയേഴ്‌സും (7 പന്തില്‍ 17) ബ്രാന്‍ഡന്‍ കിംഗും (16 പന്തില്‍ 18) കൊടുങ്കാറ്റായാണ് തുടങ്ങിയത്. എന്നാല്‍ ഇരുവരെയും അര്‍ഷദീപ് സിംഗ് (4-0-38-3) പുറത്താക്കി. സ്പിന്നര്‍ കുല്‍ദീപ് യാദവ് തന്റെ ആദ്യ ഓവറില്‍ (4-0-26-2) അപകടകാരികളായ നിക്കൊളാസ് പൂരാനെയും (1) ക്യാപ്റ്റന്‍ റോവ്മാന്‍ പവലിനെയും (1) പുറത്താക്കി. എന്നാല്‍ ഹോപും ഹെത്മയറും അഞ്ചാം വിക്കറ്റില്‍ 49 റണ്‍സടിച്ചു. നാല് സിക്‌സറും മൂന്നു ബൗണ്ടറിയുമായി കുതിച്ച ഹെത്മയര്‍ അവസാന ഓവറിലാണ് പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളും വിന്‍ഡീസ് ജയിച്ചപ്പോള്‍ കരീബിയയിലെ അവസാന മത്സരം ഇന്ത്യ നേടി. 

Latest News