അഞ്ച് കളിയില്‍ എട്ടാം ഗോള്‍; മെസ്സി, മയാമി മുന്നേറുന്നു

ഫോര്‍ട്‌ലോഡര്‍ഡെയ്ല്‍ - ഇന്റര്‍ മയാമിയില്‍ ലിയണല്‍ മെസ്സിയുടെ ഗോള്‍സ്‌കോറിംഗ് യജ്ഞം തുടരുന്നു. 86ാം മിനിറ്റില്‍ മെസ്സി ഗോളടിച്ച മത്സരത്തില്‍ ഷാര്‍ലറ്റിനെ മറുപടിയില്ലാത്ത നാലു ഗോളിന് തോല്‍പിച്ച് മയാമി ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മയാമി ജഴ്‌സിയില്‍ കളിച്ച അഞ്ചു മത്സരത്തിലും മെസ്സി ഗോളടിച്ചു. ഇത് എട്ടാമത്തെ ഗോളാണ്. എല്ലാ കളിയും മയാമി ജയിക്കുകയും ചെയ്തു. മെസ്സി എത്തും മുമ്പ് 25 കളികളില്‍ അഞ്ചെണ്ണം മാത്രമാണ് മയാമി ജയിച്ചത്. ചൊവ്വാഴ്ച ഫിലാഡാല്‍ഫിയയെയാണ് മയാമി സെമിഫൈനലില്‍ നേരിടുക. ക്വരറ്റാരോയെ അവര്‍ 2-1 ന് തോല്‍പിച്ചു. ലീഗ്‌സ് കപ്പിന് രണ്ട് ജയം മാത്രം അരികിലാണ് ഇപ്പോള്‍ മയാമി. 
ജോസഫ് മാര്‍ടിനേസും റോബര്‍ട് തോമസുമാണ് മയാമിയുടെ മറ്റു രണ്ടു ഗോളടിച്ചത്. മെസ്സി സൃഷ്ടിച്ച സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിറന്ന സെല്‍ഫ് ഗോളാണ് നാലാമത്തേത്. നാലു മത്സരത്തിനിടെ മൂന്നാം തവണയാണ് മയാമി നാലു ഗോളടിക്കുന്നത്. 

Latest News