ലോഡര്‍ഹില്‍- വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ കിരീടപ്രതീക്ഷ നിലനിര്‍ത്താന്‍ നാലാം മത്സരത്തില്‍ ഇന്ത്യ ഒമ്പത് റണ്‍സ് നിരക്കില്‍ സ്കോര്‍ ചെയ്യണം. അമേരിക്കയിലെ ഫ്ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് എട്ടിന് 178 റണ്‍സെടുത്തു. ടീമില്‍ തിരിച്ചെത്തിയ ഏകദിന ക്യാപ്റ്റന്‍ ഷായ് ഹോപും (29 പന്തില്‍ 45) ഷിംറോണ്‍ ഹെത്മയറുമാണ് (39 പന്തില്‍ 61) വിന്‍ഡീസിനെ ചുമലിലേറ്റിയത്.
കയ്ല് മയേഴ്സും (7 പന്തില്‍ 17) ബ്രാന്‍ഡന്‍ കിംഗും (16 പന്തില്‍ 18) കൊടുങ്കാറ്റായാണ് തുടങ്ങിയത്. എന്നാല്‍ ഇരുവരെയും അര്‍ഷദീപ് സിംഗ് (4-0-38-3) പുറത്താക്കി. സ്പിന്നര്‍ കുല്‍ദീപ് യാദവ് തന്റെ ആദ്യ ഓവറില്‍ (4-0-26-2) അപകടകാരികളായ നിക്കൊളാസ് പൂരാനെയും (1) ക്യാപ്റ്റന്‍ റോവ്മാന്‍ പവലിനെയും (1) പുറത്താക്കി. എന്നാല്‍ ഹോപും ഹെത്മയറും അഞ്ചാം വിക്കറ്റില്‍ 49 റണ്‍സടിച്ചു. നാല് സിക്സറും മൂന്നു ബൗണ്ടറിയുമായി കുതിച്ച ഹെത്മയര്‍ അവസാന ഓവറിലാണ് പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളും വിന്‍ഡീസ് ജയിച്ചപ്പോള്‍ കരീബിയയിലെ അവസാന മത്സരം ഇന്ത്യ നേടി.






