ആഴ്‌സനല്‍ രക്ഷപ്പെട്ടു, ഹാളന്റും സിറ്റിയും തുടങ്ങി

ലണ്ടന്‍ - സീസണ്‍ ഇടവേളയില്‍ വന്‍ തുക ഒഴുക്കി ടീം മെച്ചപ്പെടുത്തിയ ആഴ്‌സനലിനെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്പബോളില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ് വിറപ്പിച്ചു. കഷ്ടിച്ച് 2-1 നാണ് ആഴ്‌സലന്‍ ആദ്യ കളി ജയിച്ചത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും അവരുടെ ഗോളടി യന്ത്രം എര്‍ലിംഗ് ഹാളന്റും ജൈത്രയാത്ര തുടങ്ങി. ഹാളന്റ് രണ്ടു ഗോളടിച്ച കളിയില്‍ സിറ്റി 3-0 ന് ബേണ്‍ലിയെ തകര്‍ത്തു. സ്ഥാനക്കയറ്റം നേടിയ ബേണ്‍ലിയെ പരിശീലിപ്പിക്കുന്നത് സിറ്റിയുടെ ഇതിഹാസ താരമായിരുന്നു വിന്‍സന്റ് കോമ്പനിയാണ്. 
എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ തന്നെ എഡ്ഡി എന്‍കേതിയയും ബുകായൊ സാക്കയും ആതിഥേയര്‍ക്ക് 2-0 ലീഡ് സമ്മാനിച്ചിരുന്നു. കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ തയ്‌വൊ അവോനിയി ഒരു ഗോള്‍ മടക്കിയതോടെ സ്‌റ്റേഡിയത്തില്‍ ആശങ്ക പരന്നു. 
ബേണ്‍ലിക്കെതിരെ നാലാം മിനിറ്റില്‍ തന്നെ ഹാളന്റ് സ്‌കോര്‍ബുക്കില്‍ സ്ഥാനം പിടിച്ചു. 36ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. റോഡ്രിയും ഗോളടിച്ചു. കഴിഞ്ഞ സീസണില്‍ ഹാളന്റ് 36 പ്രീമിയര്‍ ലീഗ് ഗോളുള്‍പ്പെടെ 52 ഗോളടിച്ചിരുന്നു. ആ ഗോളടി മികവിലാണ് സിറ്റി ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് ഹാട്രിക് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും വെസ്റ്റ്ഹാമിനെതിരെ ഇരട്ട ഗോളോടെയാണ് ഹാളന്റ് തുടങ്ങിയത്.
 

Latest News