ഡ്യൂറന്റ് കപ്പില്‍ നാളെ കേരളാ ഡാര്‍ബി

കൊല്‍ക്കത്ത - 132ാമത് ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ നാളെ കേരളാ ടീമുകളായ ഗോകുലം കേരള എഫ്.സിയും കേരളാ ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടും. ഗോകുലം മുന്‍ ചാമ്പ്യന്മാരാണ്. കേരളാ ടീമുകളുടെ മത്സരം മോഹന്‍ബഗാന്‍ ഗ്രൗണ്ടിലാണ്. കിക്കോഫ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന്, സോണി ടെന്‍ 2ലും സോണിലിവ് ആപ്പിലും തത്സമയം മത്സരം കാണാം.

ഒരേ സംസ്ഥാനക്കാരാണെങ്കിലും ദേശീയതല ടൂര്‍ണമെന്റില്‍ ഈ രണ്ട് ക്ലബ്ബുകളും ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.  

രണ്ട് തവണ ഐ ലീഗ് ചാമ്പ്യന്മാരായി മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഗോകുലം കേരള എഫ്‌സി വലിയ വേദിയില്‍ അപരിചിതരല്ല.2019 ലെ ഡ്യൂറന്‍ഡ് കപ്പ് വിജയികള്‍ കൂടിയാണ് ഗോകുലം കേരളം  എഫ് സി.   ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എയര്‍ഫോഴ്‌സ് ഫുട്‌ബോള്‍ ടീമിനെ 20ന് തോല്‍പ്പിച്ച് അവര്‍ തങ്ങളുടെ മികവ് കാണിച്ചു. ശ്രീക്കുട്ടന്‍, സൗരവ് മലയാളി താരങ്ങള്‍ ആയിരിന്നു ഗോള്‍ സ്‌കോറെര്‍മാര്‍.  

മറുവശത്ത്, ഐഎസ്എല്ലില്‍ രണ്ട് തവണ റണ്ണേഴ്‌സ് അപ്പ് സ്ഥാനം നേടിയ  കേരള ബ്ലാസ്‌റ്റേഴ്‌സ് അവരുടെ ഡ്യൂറന്‍ഡ് കപ്പിലെ ആദ്യത്തെ മത്സരത്തിനാണ് ഗോകുലത്തിനു എതിരെ ഇറങ്ങുന്നത്. 

'ഡെര്‍ബിയില്‍ ഇനിയും മെച്ചപ്പെടാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.  ഞങ്ങള്‍ ഇപ്പോഴും മികച്ച ശാരീരിക ക്ഷമതയില്‍ അല്ല. ഞങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം ആവശ്യമാണ്, പക്ഷേ ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു,' ഗോകുലം കേരള എഫ്‌സിയുടെ മുഖ്യ പരിശീലകന്‍ ഡൊമിംഗോ ഒരാമസ് പറഞ്ഞു.

കാത്തിരിപ്പിനന്ത്യം, കൊല്‍ക്കത്ത 
ഡാര്‍ബിയില്‍ ഈസ്റ്റ്ബംഗാള്‍

കൊല്‍ക്കത്ത - 132ാമത് ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിലെ കൊല്‍ക്കത്ത ഡാര്‍ബിയില്‍ ഈസ്റ്റ്ബംഗാള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സിനെ തോല്‍പിച്ചു. നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ബഗാനെതിരെ ഈസ്റ്റ്ബംഗാള്‍ വിജയം നേടുന്നത്. വിവേകാനന്ദ യുവഭാരതി ക്രിരംഗനില്‍ നടന്ന മത്സരത്തില്‍ നന്ദകുമാറാണ് വിജയ ഗോളടിച്ചത്. 1657 ദിവസം മുമ്പാണ് അവസാനമായി ബഗാനെതിരെ ഈസ്റ്റ്ബംഗാള്‍ വിജയം നേടിയത്. 
ബഗാനാണ് പന്ത് കൈവശം വെച്ചതും ആക്രമിച്ചതും. നാലം മിനിറ്റില്‍ ഹ്യൂഗൊ ബൗമസ് ഒരുക്കിയ അവസരം അര്‍മാന്‍ഡൊ സാദിഖു ക്രോസ്ബാറിനു മുകളിലൂടെ പറത്തി. പതിനേഴാം മിനിറ്റില്‍ ഈസ്റ്റ്ബംഗാളിന് ആദ്യ അവസരം കിട്ടി. ഇടവേള കഴിഞ്ഞതോടെ കളി പരുക്കനായി. അമ്പത്തൊന്നാം മിനിറ്റില്‍ മന്‍വീര്‍ സിംഗിനെ സൗവിക് ചക്രവര്‍ത്തി ചവിട്ടിയിട്ടു. മധ്യവരക്കടതുത്ത് നിന്ന് ബോര്‍ഹ ഹെരേര തുടങ്ങിവെച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബോര്‍ഹയുടെ പാസ് ബഗാന്‍ പിന്‍നിര കീറിമുറിച്ച് നന്ദകുമാറിലെത്തി. പന്തുമായി നന്ദകുമാര്‍ വിംഗിലേക്ക് നീങ്ങുമെന്നാണ് ഗോളി വിശാല്‍ കൈത് കരുതിയത്. പന്ത് കട്ട് ചെയ്ത് സ്‌ട്രൈക്കര്‍ ഇടങ്കാലു കൊണ്ട് വലയിലേക്ക് തൊടുത്തു. 
അതോടെ മലയാളി കളിക്കാരായ സഹല്‍ അബ്ദുല്‍സമദിനെയും ആശിഖ് കരുണിയനെയും ബഗാന്‍ കളത്തിലിറക്കി. പക്ഷെ കളിയെക്കാള്‍ കൈയാങ്കളിയാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. 

Latest News