കൊല്‍ക്കത്ത - 132ാമത് ഡ്യൂറന്റ് കപ്പ് ഫുട്ബോളിലെ കൊല്‍ക്കത്ത ഡാര്‍ബിയില്‍ ഈസ്റ്റ്ബംഗാള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് മോഹന്ബഗാന് സൂപ്പര്‍ജയന്റ്സിനെ തോല്പിച്ചു. നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ബഗാനെതിരെ ഈസ്റ്റ്ബംഗാള്‍ വിജയം നേടുന്നത്. വിവേകാനന്ദ യുവഭാരതി ക്രിരംഗനില്‍ നടന്ന മത്സരത്തില്‍ നന്ദകുമാറാണ് വിജയ ഗോളടിച്ചത്. 1657 ദിവസം മുമ്പാണ് അവസാനമായി ബഗാനെതിരെ ഈസ്റ്റ്ബംഗാള്‍ വിജയം നേടിയത്.
ബഗാനാണ് പന്ത് കൈവശം വെച്ചതും ആക്രമിച്ചതും. നാലം മിനിറ്റില്‍ ഹ്യൂഗൊ ബൗമസ് ഒരുക്കിയ അവസരം അര്‍മാന്‍ഡൊ സാദിഖു ക്രോസ്ബാറിനു മുകളിലൂടെ പറത്തി. പതിനേഴാം മിനിറ്റില്‍ ഈസ്റ്റ്ബംഗാളിന് ആദ്യ അവസരം കിട്ടി. ഇടവേള കഴിഞ്ഞതോടെ കളി പരുക്കനായി. അമ്പത്തൊന്നാം മിനിറ്റില്‍ മന്‍വീര്‍ സിംഗിനെ സൗവിക് ചക്രവര്‍ത്തി ചവിട്ടിയിട്ടു. മധ്യവരക്കടതുത്ത് നിന്ന് ബോര്‍ഹ ഹെരേര തുടങ്ങിവെച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. ബോര്‍ഹയുടെ പാസ് ബഗാന് പിന്‍നിര കീറിമുറിച്ച് നന്ദകുമാറിലെത്തി. പന്തുമായി നന്ദകുമാര്‍ വിംഗിലേക്ക് നീങ്ങുമെന്നാണ് ഗോളി വിശാല്‍ കൈത് കരുതിയത്. പന്ത് കട്ട് ചെയ്ത് സ്ട്രൈക്കര്‍ ഇടങ്കാലു കൊണ്ട് വലയിലേക്ക് തൊടുത്തു.
അതോടെ മലയാളി കളിക്കാരായ സഹല്‍ അബ്ദുല്‍സമദിനെയും ആശിഖ് കരുണിയനെയും ബഗാന് കളത്തിലിറക്കി. പക്ഷെ കളിയെക്കാള്‍ കൈയാങ്കളിയാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്.






