ജപ്പാനെ മുക്കി ഇന്ത്യ ഫൈനലില്‍

ചെന്നൈ - ജപ്പാനെ മറുപടിയില്ലാത്ത അഞ്ചു ഗോളില്‍ മുക്കി ആതിഥേയരായ ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഫൈനലിലെത്തി. നാലാം കിരീടം നേടാന്‍ മലേഷ്യയുമായാണ് ഇന്ത്യ കളിക്കേണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ 5-0 ന് ഇന്ത്യ തകര്‍ത്തിരുന്നു. നിലവിലെ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയയെ അവര്‍ രണ്ടിനെതിരെ ആറു ഗോളിന് തകര്‍ത്താണ് മലേഷ്യ ഫൈനലില്‍ സ്ഥാനം പിടിച്ചത്. 
ഇന്ത്യയുടെ അഞ്ചു ഗോളില്‍ നാലും ഫീല്‍ഡ് ഗോളുകളായിരുന്നുവെന്നതാണ് പ്രത്യേകത. ഗോളൊഴിഞ്ഞ ആദ്യ ക്വാര്‍ട്ടറിനു ശേഷം 19ാം മിനിറ്റില്‍ ആകാശ്ദീപ് സിംഗിന്റെ ഫീല്‍ഡ് ഗോളാണ് സ്‌കോറിംഗ് തുടങ്ങിവെച്ചത്. നാലു മിനിറ്റിനു ശേഷം പെനാല്‍്ടി കോര്‍ണറിലൂടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗും മുപ്പതാം മിനിറ്റില്‍ മന്‍ദീപ് സിംഗും സ്‌കോര്‍ ചെയ്തതോടെ ഇടവേളക്ക് മുമ്പ് ഇന്ത്യ 3-0 ന് മുന്നിലെത്തി. മൂന്നാം ക്വാര്‍ട്ടറില്‍ സുമിത്തും അവസാന ക്വാര്‍ട്ടറില്‍ കാര്‍ത്തി സെല്‍വവും വിജയം ഗംഭീരമാക്കി. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ 25 ഗോളടിച്ചു. 
ജപ്പാനെതിരെ ഫൈസല്‍ ഷാരി, ഷെല്ലൊ സില്‍വീരിയസ്, അബൂകമാല്‍ അസ്‌റായി, നജ്മി ജസലാന്‍ എന്നിവര്‍ മലേഷ്യക്കു വേണ്ടി ലക്ഷ്യം കണ്ടു. വൂ ച്യോന്‍ ജി, ജോംഗ് ഹ്യൂം ജാംഗ് എന്നിവര്‍ കൊറിയക്കു വേണ്ടിയും സ്‌കോര്‍ ചെയ്തു. 
മൂന്നാം മിനിറ്റില്‍ തന്നെ വൂ ച്യോനിലൂടെ ലീഡ് നേടി മലേഷ്യയെ കൊറിയ ഞെട്ടിച്ചിരുന്നു. അടുത്ത മിനിറ്റില്‍ തന്നെ അസ്‌റായി തിരിച്ചടിച്ചതോടെ കളി ആവേശകരമായി. ഒമ്പതാം മിനിറ്റില്‍ പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് മലേഷ്യ ലീഡ് നേടിയെങ്കിലും അഞ്ച് മിനിറ്റിനകം ജാംഗിന്റെ തകര്‍പ്പന്‍ ഡ്രാഗ്ഫഌക്ക് കൊറിയക്ക് സമനില നേടിക്കൊടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചന നല്‍കിയ ആദ്യ ക്വാര്‍ട്ടറിന് മലേഷ്യ കളിയുടെ നിയന്ത്രണം പിടിച്ചു. രണ്ടാം ക്വാര്‍ട്ടറിലെ നാലാം മിനിറ്റില്‍ സാരി പെനാല്‍ട്ടി കോര്‍ണറിലൂടെ മൂന്നാം ഗോളടിച്ച ശേഷം അവര്‍ തിരിഞ്ഞുനോക്കിയില്ല. 
സെമി ഫൈനല്‍ പ്രതീക്ഷ അസ്തമിച്ച ശേഷം പാക്കിസ്ഥാന്‍ ഫോമിലെത്തി. ചൈനയെ 6-1 ന് തകര്‍ത്ത് അവര്‍ അവര്‍ ആറു ടീമുകളില്‍ അഞ്ചാം സ്ഥാനം നേടി. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് കളികളില്‍ ഒരെണ്ണം മാത്രമാണ് പാക്കിസ്ഥാന്‍ ജയിച്ചത്. ഗോള്‍വ്യത്യാസത്തില്‍ അവര്‍ക്ക് സെമി ഫൈനല്‍ സ്ഥാനം നഷ്ടപ്പെട്ടു. മുഹമ്മദ് ഖാനും മുഹമ്മദ് അഹമ്മദും രണ്ടു വീതം ഗോളടിച്ചു. ബെന്‍ഹായ് ചെന്നാണ് ചൈനയുടെ ഏക ഗോള്‍ കണ്ടെത്തിയത്. 

Latest News