റിയാദ് - തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ റെക്കോര്‍ഡ് അന്നസ്ര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക്. രണ്ടാം സ്ഥാനത്തും ഫുട്‌ബോളര്‍ തന്നെ, റൊണാള്‍ഡോയുടെ ബദ്ധവൈരി ലിയണല്‍ മെസ്സി.
ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരനാണ് റൊണാള്‍ഡൊ. റൊണാള്‍ഡോയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ വില 32.3 ലക്ഷം ഡോളറാണ് (26.75 കോടി രൂപ). ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോക്ക 60 കോടി ഫോളോവേഴ്‌സ് ഉണ്ട്. മെസ്സിയുടെ പോസ്റ്റിന് വില 26 ലക്ഷം ഡോളറാണ് (21.50 കോടി രൂപ). നടിയും ഗായികയുമായ സലീന ഗോമസ്, റിയാലിറ്റി സ്റ്റാര്‍ കയ്‌ലി ജെന്നര്‍, നടന്‍ ഡ്വയ്ന്‍ ജോണ്‍സണ്‍ തുടങ്ങിയവരെയാണ് മെസ്സിയും ക്രിസ്റ്റിയാനോയും പിന്നിലാക്കിയത്.
ആദ്യ ഇരുപതില്‍ മറ്റു രണ്ട് കായികതാരങ്ങളുണ്ട് -ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയും (14ാം സ്ഥാനം) നെയ്മാറും (18). പി.എസ്.ജിയിലെ സഹ താരം കീലിയന്‍ എംബാപ്പെക്ക് കിട്ടുന്നതിന്റെ ഇരട്ടിയാണ് നെയ്മാറിന് ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും ലഭിക്കുന്നത്. കോലിയുടെ ഓരോ പോസ്റ്റിനും 13.84 ലക്ഷം ഡോളര്‍ (10.77 കോടി രൂപ) മൂല്യമുണ്ട്.






