ദല്‍ഹി കാപിറ്റല്‍സ് ട്രയല്‍സിന് മലയാളി ഓപണര്‍ രോഹന്‍

ന്യൂദല്‍ഹി - ദേവ്ധര്‍ ട്രോഫി ക്രിക്കറ്റില്‍ സൗത്ത് സോണിനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിനു പിന്നാലെ മലയാളി ഓപണര്‍ രോഹന്‍ കുന്നുമ്മലിനെ ഐ.പി.എല്‍ ടീം ദല്‍ഹി കാപിറ്റല്‍സ് ട്രയല്‍സിന് ക്ഷണിച്ചു. ദേവ്ധര്‍ ട്രോഫിയില്‍ 62.20 ശരാശരിയില്‍ 311 റണ്‍സെടുത്തിരുന്നു രോഹന്‍. സൗത്ത് സോണിന്റെ കിരീടത്തില്‍ പ്രധാന പങ്കുവഹിച്ചു. സൗത്ത് സോണ്‍ ക്യാപ്റ്റന്‍ മായാങ്ക് അഗര്‍വാളും (341) റയാന്‍ പരാഗും (354) കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സെടുത്തത് രോഹനായിരുന്നു. 123.90 എന്ന മികച്ച സ്‌ട്രൈക്ക് റെയ്റ്റിലാണ് രോഹന്‍ സ്‌കോര്‍ ചെയ്തത്. സ്‌ട്രൈക്ക് റൈറ്റില്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 
ദല്‍ഹി കാപിറ്റല്‍സ് ക്യാമ്പില്‍ സൗരവ് ഗാംഗുലി, പ്രവീണ്‍ ആംറെ തുടങ്ങിയവരുമായി സംസാരിക്കാന്‍ അവസരം കിട്ടിയെന്നും തന്റെ ബാറ്റിംഗുമായി ബന്ധപ്പെട്ട് അവര്‍ നല്‍കിയ ഉപദേശങ്ങള്‍ വിലപ്പെട്ടതാണെന്നും രോഹന്‍ പറഞ്ഞു. ദേവ്ധര്‍ ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിനെതിരെ ഇരുപത്തഞ്ചുകാരന്‍ സെഞ്ചുറിയടിച്ചിരുന്നു. ടൂര്‍ണമെന്റിലെ ആറു കളികളും സൗത്ത് സോണ്‍ ജയിച്ചിരുന്നു. 
 

Latest News