യൂറോപ്പില്‍ കളി വസന്തം,  മൂന്ന് ലീഗുകള്‍ക്ക് കിക്കോഫ്

ലണ്ടന്‍ - യൂറോപ്പിലെ മൂന്ന് പ്രമുഖ ഫുട്‌ബോള്‍ ലീഗുകളില്‍ ഇന്നു പന്തുരുളും. ജര്‍മന്‍ കപ്പും ഇന്നാരംഭിക്കും. സ്ഥാനക്കയറ്റം നേടിയ ബേണ്‍ലിയും നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. സിറ്റിയുടെ പഴയ നായകന്‍ വിന്‍സന്റ് കോമ്പനിയുടെ നേതൃത്വത്തിലാണ് ബേണ്‍ലി പ്രീമയര്‍ ലീഗില്‍ തിരിച്ചെത്തിയത്. 
സ്പാനിഷ് ലീഗിലെ ആദ്യ രാവില്‍ സെവിയയും വലന്‍സിയയും കൊമ്പുകോര്‍ക്കും. സെവിയ നിലവിലെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാണ്. എഡിന്‍സന്‍ കവാനിയും യൂനുസ് മൂസയും ജസ്റ്റിന്‍ ക്ലൈവര്‍ടുമൊക്കെ ക്ലബ്ബ് വിട്ടതോടെ വലന്‍സിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. 
ബാഴ്‌സലോണ ഈ സീസണില്‍ പുതിയ സ്റ്റേഡിയത്തിലാണ് ഹോം മത്സരങ്ങള്‍ കളിക്കുക. യൂറോപ്പിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ഗ്രൗണ്ടായ നൗകാമ്പ് നവീകരിക്കുകയാണ്. തിബൊ കോര്‍ടവക്ക് പരിക്കേറ്റതും കരീം ബെന്‍സീമക്ക് പകരക്കാരനെ കണ്ടെത്താത്തതും റയല്‍ മഡ്രീഡിനെ അലട്ടും. 
ചാമ്പ്യന്മാരായ പി.എസ്.ജി വന്‍ പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോഴാണ് ഫ്രഞ്ച് ലീഗ് തുടങ്ങുന്നത്. നീസും ലില്ലും ആദ്യ കളിയില്‍ ഏറ്റുമുട്ടും. ജര്‍മന്‍ കപ്പില്‍ ആദ്യ ദിനം നാലു കളികളുണ്ട്. 
 

Latest News