കോര്‍ട്‌വക്ക് പരിക്ക്, റയലിന് ഷോക്ക്

മഡ്രീഡ് - സ്പാനിഷ ഫുട്‌ബോള്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഗോള്‍കീപ്പര്‍ തിബൊ കോര്‍ട്‌വക്ക് ഗുരുതരമായി പരിക്കേറ്റത് റയല്‍ മഡ്രീഡിന് കനത്ത ആഘാതമായി. പുതിയ സീസണില്‍ ആദ്യ മത്സരത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് മുപ്പത്തൊന്നുകാരന്റെ ഇടതു കാലിന് ഗുരതരമായി പരിക്കേറ്റിരിക്കുന്നത്. ശസ്ത്രക്രിയ വേണമെന്നിരിക്കെ ഈ സീസണിന്റെ സിംഹഭാഗവും കോര്‍ട്‌വ ഇല്ലാതെ റയല്‍ കളിക്കേണ്ടി വരും. പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. 
കഴിഞ്ഞ സീസണ്‍ ഒടുവില്‍ സൗദി അല്‍ ഇത്തിഹാദിലേക്ക് പോയ കരീം ബെന്‍സീമക്കു തന്നെ പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് റയലിന് പുതിയ തലവേദന വന്നു പെട്ടിരിക്കുന്നത്. 2018 ല്‍ ചെല്‍സിയില്‍ നിന്ന് എത്തിയതു മുതല്‍ റയലിന്റെ വിജയങ്ങളുടെ നിര്‍ണായക പങ്കാളിയായിരുന്നു കോര്‍ട്‌വ. മുന്‍നിരയില്‍ ബെന്‍സീമയുടെ ഗോളെന്ന പോലെ നിര്‍ണായകമായിരുന്നു പിന്‍നിരയില്‍ ബെല്‍ജിയംകാരന്റെ സെയ്‌വുകളും. 
നാളെ അത്‌ലറ്റിക് ബില്‍ബാവോക്കെതിരെയാണ് സ്പാനിഷ് ലീഗില്‍ റയലിന്റെ ആദ്യ മത്സരം. രണ്ടാം ഗോളി ഉക്രൈന്‍കാരനായ ആന്ദ്രെ ലൂനിന്‍ ഗോള്‍ വല കാക്കുമെന്നാണ് കരുതുന്നത്. 

Latest News