കാത്തിരുന്ന സീസണിന്  വെള്ളിയാഴ്ച കിക്കോഫ്

അല്‍ അഹ്‌ലി x അല്‍ഹസം
വെള്ളിയാഴ്ച രാത്രി 9.00


റിയാദ് - ഇന്നു വരെയില്ലാത്ത താരപ്രഭയോടെ, ലോക ഫുട്‌ബോളിന്റെ കണ്ണും കാതുമാകര്‍ഷിച്ച് സൗദി പ്രൊ ലീഗ സീസണ്‍ വെള്ളിയാഴ്ച ആരംഭിക്കും. കരീം ബെന്‍സീമ, റിയാദ് മഹ്‌റേസ്, എന്‍ഗോളൊ കാണ്ടെ, കഴിഞ്ഞ സീസണ്‍ വരെ ലിവര്‍പൂളിനെ നയിച്ച ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍, ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് നയിച്ച മാഴ്‌സെലൊ ബ്രോസവിച് തുടങ്ങിയ മുന്‍നിര കളിക്കാരും സ്റ്റീവന്‍ ജെറാഡിനെ പോലെ താരപ്രഭയുള്ള കോച്ചുമാരും അണിനിരക്കുന്നതോടെ നക്ഷത്രസമ്പുഷ്ടമായിരിക്കും വരുന്ന സീസണ്‍. 
18 ക്ലബ്ബുകളാണ് ലീഗില്‍ അണിനിരക്കുന്നത്. ഓരോ ക്ലബ്ബിനും എട്ട് വിദേശ കളിക്കാരെ വരെ ടീമിലെടുക്കാം. സൗദി ലീഗ് ഏതു ചാനലില്‍ കാണാമെന്ന ചോദ്യം ലോക ഫുട്‌ബോളില്‍ മുഴങ്ങുകയാണെന്ന് പാരിസിലെ സ്‌പോര്‍ട്‌സ് പ്രൊഫസര്‍ സൈമണ്‍ ചാഡ്‌വിക് പറയുന്നു. അല്‍ ഇത്തിഹാദാണ് നിലവിലെ ചാമ്പ്യന്മാര്‍. 
നിരവധി യുവ കളിക്കാരും സൗദി ലീഗിലേക്ക് വന്നിട്ടുണ്ട്. ഐവറികോസ്റ്റ് മിഡ്ഫീല്‍ഡറായ ഇരുപത്തെട്ടുകാരന്‍ സെകൊ ഫൊഫാന അന്നസ്‌റിന് കളിക്കും. ഇരുപത്തെട്ടുകാരനായ സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജി മിലിന്‍കോവിച് സാവിച് അല്‍ഹിലാലിന്റെ ജഴ്‌സിയിടും. ബാഴ്‌ലോണയിലേക്ക് പോവുമെന്നു കരുതിയ പോര്‍ചുഗലിന്റെ ഇരുപത്താറുകാരന്‍ റൂബന്‍ നെവസും ഹിലാലിന് കളിക്കും. ന്യൂകാസിലില്‍ നിന്ന് ഇരുപത്താറുകാരനായ ഫ്രഞ്ച് താരം അലന്‍ സെയ്ന്റ് മാക്‌സിമിന്‍ അല്‍അഹ്‌ലിയിലെത്തി. 
കഴിഞ്ഞ സീസണില്‍ ആസ്റ്റണ്‍വില്ലയെ പരിശീലിപ്പിച്ച സ്റ്റീവന്‍ ജെറാഡാണ് കോച്ചുമാരില്‍ പ്രമുഖന്‍. ആരാധകര്‍ക്കു മുന്നില്‍ ജെറാഡ് അറബിയില്‍ സംസാരിക്കുന്ന വീഡിയൊ വൈറലാണ്. മുന്‍ ക്രൊയേഷ്യ താരം സ്ലാവന്‍ ബിലിച് അല്‍ഫതഹിനെ പരിശീലിപ്പിക്കും. ഫെനര്‍ബാച്ചെയുടെയും ബെന്‍ഫിക്കയുടെയും പരിശീലകനായിരുന്ന ജോര്‍ജെ ജീസസ് അല്‍ഹിലാലിന് കളി പഠിപ്പിക്കും. ഏറെ ശ്രദ്ധിക്കപ്പെട്ട യുവ കോച്ച് മുപ്പത്തഞ്ചുകാരനായ ജര്‍മന്‍കാരന്‍ മതിയാസ് ജെയ്‌സലാണ് അല്‍ അഹ്‌ലിയുടെ പരിശീലകന്‍. 
കഴിഞ്ഞ ജനുവരിയില്‍ ക്രിസ്റ്റ്യാനൊ അന്നസ്‌റില്‍ ചേര്‍ന്നതോടെയാണ് സൗദി ലീഗിലേക്ക് ലോക ശ്രദ്ധ പതിഞ്ഞത്. ഫോര്‍മുല വണ്ണിലും ഗോള്‍ഫിലും ഹെവിവെയ്റ്റ് ബോക്‌സിംഗിലുമൊക്കെ പണമെറിയുന്നതിന്റെ ഭാഗമായാണ് സൗദി ഫുട്‌ബോളും ലോകോത്തരമാക്കാനുള്ള ശ്രമം അരങ്ങേറുന്നത്. പ്രൊഫഷനല്‍ ഫുട്‌ബോളിന്റെ അച്ചുതണ്ടും പശ്ചിമേഷ്യയും അറബ് ലോകവുമായി മാറണമെന്നാണ് സൗദി ആഗ്രഹിക്കുന്നതെന്ന് അല്‍റിയാദ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് മുഖ്ബില്‍ അല്‍സബ്‌നി അഭിപ്രായപ്പെട്ടു. 
പ്രമുഖ കളിക്കാരുടെ കണ്ണ് തള്ളുന്ന പ്രതിഫലമാണ് സൗദി ക്ലബ്ബുകള്‍ വാഗ്ദാനം ചെയ്തത്. 40 വര്‍ഷമായി താന്‍ പ്രൊഫഷനല്‍ സ്‌പോര്‍ട്‌സിലുണ്ടെന്നും ഇതുപോലൊരു പ്രൊജക്ട് ഇതുവരെ ദര്‍ശിച്ചിട്ടില്ലെന്നും സൗദി ലീഗ് ഡയരക്ടര്‍ ബോര്‍ഡംഗം പീറ്റര്‍ ഹട്ടന്‍ പറഞ്ഞു. കൂടുതല്‍ വലിയ കളിക്കാര്‍ സൗദി ലീഗിലേക്ക് പോവുമെന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാഡിയോള അഭിപ്രായപ്പെട്ടത്. 
5-10 വര്‍ഷം കഴിയുമ്പോഴേ സൗദി ലീഗ് എങ്ങോട്ടേക്കാണെന്ന വ്യക്തമായ ചിത്രം വ്യക്തമാവൂ എന്ന് പ്രൊഫസര്‍ ചാഡ്‌വിക് കരുതുന്നു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ സൗദി ക്ലബ്ബുകളുടെ പ്രകടനമായിരിക്കും വിജയത്തിന്റെ പ്രധാന മാനദണ്ഡം. സൗദി ലീഗിന് വിദേശ ആരാധകരെ ആകര്‍ഷിക്കാന്‍ കഴിയുമോയെന്നതാണ് രണ്ടാമത്തെ പരീക്ഷണം. 

Latest News