ഇന്ത്യന്‍ കുതിപ്പില്‍ തകര്‍ന്നു, സെമി കാണാതെ പാക്കിസ്ഥാന്‍

ചെന്നൈ - ഇന്ത്യയോട് മറുപടിയില്ലാത്ത നാലു ഗോളിന് തോറ്റതോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി. പാക്കിസ്ഥാന്റെ കനത്ത തോല്‍വി ജപ്പാന് സെമി ഫൈനലിലേക്ക് വഴിയൊരുക്കി. അഞ്ച് കളിയില്‍ നാല് ജയവും ഒരു സമനിലയുമായി 13 പോയന്റ് നേടിയ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഒരു കളി തോറ്റ മലേഷ്യക്ക് 12 പോയന്റുണ്ട്. പാക്കിസ്ഥാനും നിലവിലെ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയക്കും ജപ്പാനും അഞ്ച് പോയന്റ് വീതമാണ്. ഗോള്‍വ്യത്യാസത്തില്‍ പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്കു പോയി. ടൂര്‍ണമെന്റില്‍ ചൈനയെ മാത്രമേ പാക്കിസ്ഥാന്‍ തോല്‍പിച്ചിട്ടുള്ളൂ. കൊറിയയുമായും ജപ്പാനുമായും സമനില വഴങ്ങി.
പതിനഞ്ചാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ പെനാല്‍ട്ടി കോര്‍ണറിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. ഇരുപത്തിമൂന്നാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് തന്നെ മറ്റൊരു പെനാല്‍ട്ടി കോര്‍ണറിലൂടെ ലീഡുയര്‍ത്തി. മുപ്പത്താറാം മിനിറ്റില്‍ ജുഗരാജ് സിംഗിന്റെ മൂന്നാം ഗോളും പെനാല്‍ട്ടി കോര്‍ണറില്‍ നിന്നു തന്നെ. കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ആകാശ്ദീപ് സിംഗ് ഫീല്‍ഡ് ഗോളിലൂടെ സ്‌കോര്‍ പട്ടിക തികച്ചു. 
ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനത്തിലെ മറ്റു കളികളില്‍ മലേഷ്യ 1-0 ന് കൊറയയെയും ജപ്പാന്‍ 2-1 ന് ചൈനയെയും തോല്‍പിച്ചു. 

Latest News