കൊല്‍ക്കത്ത - ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ എയിംഗല്‍ ഡി മരിയയെ കാളിപൂജ ആഘോഷ കാലത്ത് ആഹ്ലാദനഗരയില് എത്തിക്കാന്‍ നീക്കം. ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നടന്നാല്‍ ഒക്ടോബര്‍ 21 നും 26 നുമിടയില്‍ അര്‍ജന്റീനാ താരം ഡി മരിയ കൊല്‍ക്കത്ത സന്ദര്‍ശിക്കും. പെലെയെയും ഡിയേഗൊ മറഡോണയെയും സമീപകാലത്ത് ലോകകപ്പ് നേടിയ അര്‍ജന്റീനാ ടീമിലെ ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്ടിനേസിനെയും പോലെ പ്രമുഖ കളിക്കാരെ കൊല്‍ക്കത്തയിലെത്തിച്ച സ്പോര്‍ട്സ് പ്രമോട്ടര്‍ സതദ്രു ദത്തയാണ് നീക്കത്തിന് പിന്നില്‍.
ഒളിംപിക്സ് ഫൈനലിലും കോപ അമേരിക്ക ഫൈനലിലും ഫൈനലിസിമയിലും ലോകകപ്പ് ഫൈനലിലും സ്കോര്‍ ചെയ്ത അപൂര്‍വ റെക്കോര്‍ഡിനുടമയാണ് മുപ്പത്തഞ്ചുകാരന്. ഡി മരിയ സ്കോര്‍ ചെയ്ത ഫൈനലെല്ലാം അര്‍ജന്റീന ജയിച്ചിട്ടുണ്ട്.






