ലോകകപ്പ് ടിക്കറ്റ് വില്‍പന ആറ് ഘട്ടങ്ങളില്‍, ഇന്ത്യ-പാക് ടിക്കറ്റ് അവസാനം

മുംബൈ - ഇന്ത്യയില്‍ ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റുകളുടെ വില്‍പന ഈ മാസം 25 ന് ആരംഭിക്കും. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ വെറും 40 ദിവസം മാത്രം ശേഷിക്കുമ്പോള്‍. ലോകകപ്പിലും സന്നാഹങ്ങളിലുമായി ഇന്ത്യ കളിക്കാത്ത മത്സരങ്ങളുടെ ടിക്കറ്റാണ് ആദ്യം വില്‍പനക്കുണ്ടാവുക. ഇന്ത്യയുടെ കളികളുടെ ടിക്കറ്റുകള്‍ ആറ് ഘട്ടങ്ങളിലായി വില്‍ക്കും. 
ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങളുടെ ടിക്കറ്റാണ് ആദ്യം വില്‍പനക്ക് വെക്കുക, ഓഗസ്റ്റ് 30ന്. ഗുവാഹതിയില്‍ സെപ്റ്റംബര്‍ 30 ന് ഇംഗ്ലണ്ടിനെ ആദ്യ സന്നാഹത്തില്‍ ഇന്ത്യന്‍ ടീം നേരിടും. തിരുവനന്തപുരത്ത് ഒക്ടോബര്‍ മൂന്നിനാണ് രണ്ടാം സന്നാഹ മത്സരം. നെതര്‍ലാന്റ്‌സോ ശ്രീലങ്കയോ ആയിരിക്കും എതിരാളികള്‍.  
ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ 31 ന് വില്‍പന തുടങ്ങും. ഒക്ടോബര്‍ എട്ട് (ഓസ്‌ട്രേലിയക്കെതിരെ ചെന്നൈ), ഒക്ടോബര്‍ 11 (അഫ്ഗാനിസ്ഥാനെതിരെ ദല്‍ഹി), ഒക്ടോബര്‍ 19 (ബംഗ്ലാദേശിനെതിരെ പൂനെ) എന്നീ കളികളുടെ ടിക്കറ്റുകള്‍ അന്ന് വില്‍പനക്കുണ്ടാവും. 
സെപ്റ്റംബര്‍ ഒന്നിനാണ് മൂന്നാം ഘട്ടം. ഒക്ടോബര്‍ 22 (ന്യൂസിലാന്റിനെതിരെ ധര്‍മശാല), ഒക്ടോബര്‍ 29 (ഇംഗ്ലണ്ടിനെതിരെ ലഖ്‌നൗ), നവംബര്‍ 2 (ശ്രീലങ്കക്കെതിരെ മുംബൈ) മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഈ ഘട്ടത്തില്‍ ലഭിക്കും. 
സെപ്റ്റംബര്‍ നാലിന് നാലാം ഘട്ടത്തില്‍ നവംബര്‍ 5 (ദക്ഷിണാഫ്രിക്കക്കെതിരെ കൊല്‍ക്കത്ത), നവംബര്‍ 12 (നെതര്‍ലാന്റ്‌സിനെതിരെ ബംഗളൂരു) ദിവസങ്ങളിലെ ടിക്കറ്റുകള്‍ വില്‍ക്കും. 
സെപ്റ്റംബര്‍ മൂന്നിനാണ് ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭിക്കുക. ഒക്ടോബര്‍ 14 ന് അഹമ്മദാബാദിലാണ് ഈ മത്സരം. സെമിഫൈനലുകളുടെയും ഫൈനലിന്റെയും ടിക്കറ്റ് സെപ്റ്റംബര്‍ 15 നാണ് ലഭിക്കുക. 
https://www.cricketworldcup.com/register വെബ്‌സൈറ്റില്‍ ടിക്കറ്റ് ലഭിക്കാനായി ആരാധകര്‍ക്ക് ഈ മാസം 15 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ടിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദ്യം ലഭിക്കാന്‍ ഇത് സഹായിക്കും. 

Latest News