മുംബൈ - ലോകം ശ്രദ്ധിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് മത്സരമുള്‍പ്പെടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഒമ്പത് മത്സരങ്ങളുടെ ദിവസമോ സമയമോ ഔദ്യോഗികമായി മാറ്റി നിശ്ചയിച്ചു. ഏറെ വൈകി പ്രഖ്യാപിച്ച ലോകകപ്പ് മത്സരക്രമത്തില്‍ വീണ്ടും മാറ്റമുണ്ടായിരിക്കുന്നത് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ രണ്ടു മാസത്തില്‍ താഴെ മാത്രം ബാക്കിയിരിക്കെയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കുന്നത്.
ഒക്ടോബര്‍ 15 ന് അഹമ്മദാബാദില്‍ നടക്കേണ്ട ഇന്ത്യ-പാക്കിസ്ഥാന് മത്സരം ഒരു ദിവസം നേരത്തെയാക്കി. 15 ന് നവരാത്രി ആഘോഷം തുടങ്ങുന്നതിനാലാണ് മാറ്റം. പാക്കിസ്ഥാനും ബംഗ്ലാദേശിനും ഇംഗ്ലണ്ടിനുമാണ് ഷെഡ്യൂള്‍ മാറ്റം കൊണ്ട് കൂടുതല്‍ പ്രയാസമുണ്ടാവുക. ഈ മൂന്നു ടീമുകളുടെയും മൂന്നു കളികളില്‍ വീതം മാറ്റമുണ്ട്.
ഹൈദരാബാദില്‍ ഒക്ടോബര്‍ 12 ന് നിശ്ചയിച്ച പാക്കിസ്ഥാന്-ശ്രീലങ്ക മത്സരം ഒക്ടോബര്‍ പത്തിലേക്ക് മാറ്റി. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് പാക്കിസ്ഥാന് മതിയായ വിശ്രമം കിട്ടാനാണ് ഇത്. അതോടെ ലഖ്നൗയില്‍ നടക്കേണ്ട ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഒരു ദിവസം നേരത്തെയാക്കേണ്ടി വന്നു. ഒക്ടോബര്‍ 13 നു പകരം ഒക്ടോബര്‍ 12 ന്. ഒക്ടോബര്‍ 14 ന് ദല്‍ഹിയില്‍ നടക്കേണ്ട ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന് മത്സരം ഒക്ടോബര്‍ 15 ലേക്ക് നീട്ടി. ഒക്ടോബര്‍ 14 ന് പകല്‍ നടക്കേണ്ട ന്യൂസിലാന്റ്-ബംഗ്ലാദേശ് മത്സരം ഒക്ടോബര്‍ 13 ന് പകലും രാത്രിയുമായി നടക്കും. ഒക്ടോബര്‍ 10 ന് പകലും രാത്രിയുമായി ധര്‍മശാലയില്‍ നിശ്ചയിച്ച ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരം അന്ന് തന്നെ പകല്‍ മത്സരമാക്കി മാറ്റി.
നവംബര്‍ 12 ന് രണ്ടു കളികള്‍ അരങ്ങേറേണ്ടതായിരുന്നു, പൂനെയില്‍ ഓസ്ട്രേലിയ-ബംഗ്ലാദേശ്, കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട്-പാക്കിസ്ഥാന്. രണ്ടും നവംബര്‍ 11 ലേക്ക് മാറ്റി. കാളി പൂജയായതിനാല് നവംബര്‍ 12 ന് സുരക്ഷ ഒരുക്കാന്‍ പ്രയാസമായിരിക്കുമെന്ന കൊല്‍ക്കത്ത പോലീസിന്റെ പരാതിയെത്തുടര്‍ന്നാണ് ഇത്.
ഗ്രൂപ്പ് ഘട്ടം ബംഗളൂരുവില്‍ നവംബര്‍ 11 ന് ഇന്ത്യ-നെതര്‍ലാന്റ്സ് മത്സരത്തോടെയാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ കളി 12 ലേക്ക് മാറ്റി. അഹമ്മബാദില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട്-ന്യൂസിലാന്റ് മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുക. നവംബര്‍ 18 ന് അഹമ്മദാബാദിലാണ് ഫൈനല്‍. നവംബര്‍ 15 നും 16 നുമായി മുംബൈയിലും കൊല്‍ക്കത്തയിലുമാണ് സെമി ഫൈനലുകള്‍.
ലോകകപ്പ് ആരംഭിക്കാന്‍ 100 ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. അതിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളുടെ മത്സരക്രമം ഒരു വര്‍ഷം മുമ്പെ പ്രഖ്യാപിച്ചിരുന്നു.






