ലാ ലിഗ നിറം മങ്ങുന്നു

മഡ്രീഡ് - പുതിയ സീസണ്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ പ്രതാപം മങ്ങി ലാ ലിഗ. ലിയണല്‍ മെസ്സിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ട ബാഴ്‌സലോണക്ക് മറ്റു രണ്ട് പ്രമുഖ കളിക്കാരെ കൂടി കൈയൊഴിയേണ്ടി വന്നു, സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സിനെയും യോര്‍ദി ആല്‍ബയെയും. കരീം ബെന്‍സീമക്ക് പകരമായി കീലിയന്‍ എംബാപ്പെയെ അവതരിപ്പിക്കാനുള്ള റയല്‍ മഡ്രീഡിന്റെ ശ്രമവും പാതിവഴിയിലാണ്. ബെന്‍സീമ സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിന്റെ ഭാഗമായി. 
ഡിയേഗൊ സെമിയോണിയുടെ അത്‌ലറ്റിക്കൊ മഡ്രീഡ് ഈ സീസണിന്റെ ടീമായേക്കാമെന്നാണ് പലരും കരുതുന്നത്. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തെത്തിയ റയല്‍ സൊസൈദാദും വമ്പന്മാരോട് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. 
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഇല്‍കേ ഗുണ്ടോഗന്‍ ബാഴ്‌സലോണയിലെത്തിയിട്ടുണ്ട്. കൂടുമാറാന്‍ ശ്രമം നടത്തിയ ഉസ്മാന്‍ ദെംബെലെയും ബാഴ്‌സലോണയിലുണ്ട്. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി കഴിഞ്ഞ സീസണില്‍ ലീഗിലെ ടോപ്‌സ്‌കോററായിരുന്നു. പെഡ്രിയും ഗാവിയും കൂടുതല്‍ പക്വതയും പാകതയും ആര്‍ജിച്ചു കഴിഞ്ഞു.
ഒരു പതിറ്റാണ്ടോളം റയലിന്റെ ആക്രമണം നയിച്ചത് ബെന്‍സീമയായിരുന്നു. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ അസാന്നിധ്യം റയല്‍ അറിയാതിരുന്നത് ബെന്‍സീമ ഫോമിലെത്തിയതിനാലാണ്. ബെന്‍സീമയുടെ കുറവ് നികത്താന്‍ വിനിസിയൂസ് ജൂനിയറിനും റോഡ്രിഗോക്കും കഴിയുമോയെന്നതാണ് ചോദ്യം. സ്പാനിഷ് സ്‌ട്രൈക്കര്‍ ഹോസേലു എസ്പാന്യോളില്‍ നിന്ന് ലോണില്‍ എത്തിയിട്ടുണ്ട്. ജൂഡ് ബെലിംഗാമിന്റെ വരവ് മധ്യനിരക്ക് കരുത്തു പകരും. ടോണി ക്രൂസിനും ലൂക്ക മോദ്‌റിച്ചിനും ഇത് അവസാന സീസണായേക്കും. 
കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ കരുത്തുകാട്ടിയ അത്‌ലറ്റിക്കൊ ആ കുതിപ്പ് തുടരാനുള്ള ശ്രമത്തിലായിരിക്കും. സെമിയോണിക്ക് ഇത് പന്ത്രണ്ടാം സീസണാണ്. പ്രമുഖ കളിക്കാരെയൊക്കെ നിലനിര്‍ത്തിയ അത്‌ലറ്റിക്കൊ സെസാര്‍ അപ്‌സ്പിലിക്കൂട്ടയെയും സാഗലര്‍ സോയുന്‍സുവിനെയും കൊണ്ടുവന്ന് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ആന്റോയ്ന്‍ ഗ്രീസ്മാനും ജോ ഫെലിക്‌സും ആക്രമണം നയിക്കും.

Latest News