ആ കുതിപ്പുകള്‍ നിലച്ചു, സര്‍പ്രൈസ് ടീമുകള്‍ പുറത്ത്

മെല്‍ബണ്‍ - വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ജമൈക്കയുടെയും മൊറോക്കോയുടെയും അവിസ്മരണീയ കുതിപ്പിന് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അന്ത്യം. കൊളംബിയ 1-0 ന് ജമൈക്കയെ തോല്‍പിച്ചു. ഇംഗ്ലണ്ടുമായി അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഫ്രാന്‍സ് 4-0 ന് മൊറോക്കോയെ തകര്‍ത്തു. ആതിഥേയരായ ഓസ്‌ട്രേലിയയുമായാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ഇതില്‍ ജയിക്കുന്ന ടീം ഇംഗ്ലണ്ടിനോ കൊളംബിയക്കോ എതിരെ സെമി കളിക്കും. 
ജമൈക്കക്കെതിരെ കൊളംബിയയുടെ ഏക ഗോള്‍ നേടിയത് ക്യാപ്റ്റന്‍ കാതലീന ഉസ്‌മെയാണ്, അമ്പത്തൊന്നാം മിനിറ്റില്‍. പന്ത് സമര്‍ഥമായി നിയന്ത്രണത്തില്‍ കൊണ്ടുവന്ന ശേഷം വലയുടെ താഴെ മൂലയിലേക്ക് പറത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ ജമൈക്ക വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. കൊളംബിയക്കാര്‍ നിറഞ്ഞ ഗാലറിയില്‍ അത് ആവേശത്തിരയിളക്കി. 
മിനിറ്റുകള്‍ക്കകം ജമൈക്ക മറുപടി നല്‍കേണ്ടതായിരുന്നു. ജൂഡി ബൗണിന്റെ ഷോട്ട് ഗോള്‍ലൈനില്‍ നിന്നാണ് ഇംഗ്ലണ്ട് രക്ഷിച്ചത്. പിന്നീട് ജമൈക്കയുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കു മുന്നില്‍ കൊളംബിയ പതറുകയായിരുന്നു. തോറ്റെങ്കിലും തലയുയര്‍ത്തിയാണ് ജമൈക്ക മടങ്ങുക. ചരിത്രത്തിലാദ്യമായി ഇത്തവണ അവര്‍ ഒരു ലോകകപ്പ് മത്സരം ജയിച്ചിരുന്നു, പാനമക്കെതിരെ. കരുത്തരായ ബ്രസീലിനെയും ഫ്രാന്‍സിനെയും അവര്‍ സമനിലയില്‍ തളച്ചു. മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ഖദീജ ഷാ ടീമിലുണ്ടായിട്ടും ഗോളടിക്കാന്‍ സാധിക്കാതിരുന്നതാണ് ജമൈക്കയുടെ പ്രധാന ദൗര്‍ബല്യം. 
ടൂര്‍ണമെന്റിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമായ മൊറോക്കോയെ മറുപടിയില്ലാത്ത നാലു ഗോളിന ഫ്രാന്‍സ് തകര്‍ത്തു. അരങ്ങേറ്റ മത്സരത്തില്‍ ജര്‍മനിയോട് മറുപടിയില്ലാത്ത ആറു ഗോളിന് തകര്‍ന്ന ശേഷം തെക്കന്‍ കൊറിയയെയും കൊളംബിയയെയും തോല്‍പിച്ച് പ്രി ക്വാര്‍ട്ടറിലെത്തിയ മൊറോക്കോക്ക് 67 സ്ഥാനം മുന്നിലുള്ള ഫ്രാന്‍സിനെതിരെ പിടിച്ചുനില്‍ക്കാനായില്ല. ചരിത്രത്തിലാദ്യമായാണ് ഒരു അറബ്, വടക്കെ ആഫ്രിക്കന്‍ ടീം വനിതാ ലോകകപ്പിന്റെ നോക്കൗട്ട് മത്സരം കളിച്ചത്. 
ആദ്യ പകുതിയില്‍ എട്ട് മിനിറ്റിനിടയിലായിരുന്നു ഫ്രാന്‍സിന്റെ മൂന്നു ഗോളും. വെറ്ററന്‍ സ്‌ട്രൈക്കര്‍ യൂജിന്‍ ലി സോമര്‍ രണ്ടു ഗോളടിച്ചു. കദീദിയാതു ദിയാനി, കെന്‍സ ഡാലി എന്നിവരും സ്‌കോര്‍ ചെയ്തു. 

Latest News