സൗദി സീസണ്‍ തുടങ്ങുന്നു, നെയ്മാര്‍ എത്തുമെന്ന് ശ്രുതി

ജിദ്ദ - വെള്ളിയാഴ്ച സൗദി പ്രൊ ലീഗ് സീസണിന് വിസില്‍ മുഴങ്ങുമ്പോള്‍ ലോക ഫുട്‌ബോളില്‍ ഏഷ്യന്‍ കുതിപ്പിന്റെ കാഹളമാവും. ഏറെ പ്രതീക്ഷയോടെയാണ് ഫുട്‌ബോള്‍ ലോകം സൗദിയിലേക്ക് നോക്കുന്നത്. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും കരീം ബെന്‍സീമയും റിയാദ് മഹ്‌റേസും എന്‍ഗോലൊ കാണ്ടെയും മാഴ്‌സെലൊ ബ്രോസവിച്ചും സാദിയൊ മാനെയുമൊക്കെ അണിനിരക്കുന്ന പുതിയ സീസണ്‍ ഏത് യൂറോപ്യന്‍ ലീഗിനെയും വെല്ലുന്ന തരത്തില്‍ താരക്കൊഴുപ്പുള്ളതായിരിക്കും. ഈ താരപ്രഭ നിലനിര്‍ത്താന്‍ സൗദി ലീഗിന് കഴിയുമോയെന്നാണ് നിരീക്ഷകര്‍ വീക്ഷിക്കുന്നത്. 
ലിയണല്‍ മെസ്സിയെയും കീലിയന്‍ എംബാപ്പെയെയും റാഞ്ചാനുള്ള അല്‍ഹിലാലിന്റെ ശ്രമം പാഴായെങ്കിലും നെയ്മാറുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. 
ബെന്‍സീമക്കു പുറമെ കാണ്ടെയും ജോടയുമാണ് ഇത്തിഹാദിന്റെ പട നയിക്കുക. നിലവിലെ ചാമ്പ്യന്മാരാണ് ഇത്തിഹാദ്. ജിദ്ദയിലെ മറ്റൊരു വമ്പന്‍ ടീമായ അല്‍ അഹ്‌ലിയെ മഹ്‌റേസും റോബര്‍ടൊ ഫിര്‍മിനോയും നയിക്കും. എഡ്വേഡൊ മെന്‍ഡി ഗോള്‍ വല കാക്കും. 
മിഡ്ഫീല്‍ഡര്‍ റൂബന്‍ നെവെസും സെനഗാല്‍ ഡിഫന്റര്‍ ഖാലിദു കൂലിബാലിയും സെര്‍ജിയൊ മിലിന്‍കോവിച് സാവിച്ചും മാല്‍ക്കമും അലന്‍ സയ്ന്റ് മാക്‌സിമിനും അല്‍ഹിലാലിന് കരുത്തു പകരും. സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കുന്ന അല്‍ഇത്തിഫാഖിന് ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്റെ സാന്നിധ്യമാണ് ശക്തി. മൂസ ദെംബെലെ, ജാക്ക് ഹെന്‍ട്രി എന്നിവരും ടീമിലുണ്ട്.
അന്നസ്‌റില്‍ ക്രിസ്റ്റിയാനോക്കൊപ്പം മാനെയും സെകൊ ഫൊഫാനയും അലക്‌സ് ടെലിസും ബ്രോസവിച്ചുമുണ്ട്. സൗദിയിലേക്കുള്ള ഒഴുക്കിന് തുടക്കമിട്ടത് ക്രിസ്റ്റിയാനോയാണ്. 
നെയ്മാറിനു പുറമെ ബെര്‍ണാഡൊ സില്‍വയുമായും പോള്‍ പോഗ്ബയുമായും അല്‍ഹിലാല്‍ ചര്‍ച്ച തുടരുന്നുണ്ട്. ചെല്‍സിയില്‍ നിന്ന് ഹകീം സിയേഷിനെയും അത്‌ലറ്റിക്കൊ മഡ്രീഡില്‍ നിന്ന് സൗളിനെയും റാഞ്ചാന്‍ അന്നസ്‌റും ശ്രമം നടത്തുന്നു. 

Latest News