ക്വാര്‍ട്ടര്‍ ലൈനപ്
ജപ്പാന്‍ x സ്വീഡന്‍
ഓസ്‌ട്രേലിയ x ഫ്രാന്‍സ്/മൊറോക്കൊ
ഇംഗ്ലണ്ട് x കൊളംബിയ/ജമൈക്ക
ബ്രിസ്‌ബെയ്ന്‍ - നൈജീരിയയുടെ കനത്ത വെല്ലുവിളി അതിജീവിച്ച് യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഡെന്മാര്‍ക്കിനെ ഇരട്ട ഗോളില്‍ മുക്കി ആതിഥേയരായ ഓസ്‌ട്രേലിയയും വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
എകസ്ട്രാ ടൈമിലേക്ക് കളി നീങ്ങാന്‍ നിമിഷങ്ങള്‍ ശേഷിക്കെ സ്റ്റാര്‍ ഫോര്‍വേഡ് ലോറന്‍ ജെയിംസ് ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നതായിരുന്നു. എന്നാല്‍ എക്‌സ്ട്രാ ടൈമില്‍ എതിരാളികളെ പിടിച്ചുകെട്ടി അവര്‍ കളി ഷൂട്ടൗട്ടിലെത്തിച്ചു. ഷൂട്ടൗട്ടില്‍ 4-2 ന് ജയിച്ചു. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ അമേരിക്ക പ്രി ക്വാര്‍ട്ടറിലും ലോക രണ്ടാം നമ്പര്‍ ജര്‍മനിയും ഒളിംപിക് ചാമ്പ്യന്മാരായ കാനഡയും കരുത്തരായ ബ്രസീലും ഗ്രൂപ്പ് ഘട്ടത്തിലും പുറത്തായതോടെ ഇംഗ്ലണ്ടായിരുന്നു കിരീടസാധ്യതയില്‍ മുന്നില്‍.
എന്നാല്‍ നൈജീരിയക്കെതിരെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ പാടുപെട്ടു. നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ ലോറന്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ആരാധകരുടെ ശ്വാസമിടിപ്പ് വര്‍ധിച്ചു. മിഷേല്‍ അലോസിയുടെ മുകളിലേക്ക് വീഴുകയും താരത്തെ ചവിട്ടുകയും ചെയ്തതോടെ വീഡിയൊ റഫറിയുടെ നിര്‍ദേശപ്രകാരമാണ് മഞ്ഞക്കാര്‍ഡ് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിച്ച് ചുവപ്പ് കാര്‍ഡ് നല്‍കിയത്. ക്വാര്‍ട്ടറിലും ഇംഗ്ലണ്ട് മുന്നേറുകയാണെങ്കില്‍ സെമിഫൈനലിലും ലോറന് കളിക്കാനാവില്ല.
ഡെന്മാര്‍ക്കിനെതിരെ സിഡ്‌നിയില്‍ കയ്റ്റ്‌ലിന്‍ ഫൂര്‍ഡും ഹെയ്‌ലി റാസോയുമാണ് ഓസ്‌ട്രേലിയയുടെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. മുക്കാല്‍ ലക്ഷത്തിലേറെ പേരാണ് മത്സരം വീക്ഷിച്ചത്.






