വാലിന്റെ നീളം കുറയ്ക്കുമോ? സെലക്ഷനില്‍ പാളി ഇന്ത്യ

പ്രോവിഡന്‍സ് - വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം മത്സരവും ഇന്ത്യ കൈവിട്ടതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യക്ക് ചൊവ്വാഴ്ച നിര്‍ണായക കളി. അവസാന രണ്ടു കളികള്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴചയും ഇന്ത്യ തോറ്റാല്‍ ആ കളികള്‍ പൊയ് വെടിയാവും.
അവസാന വേളയില്‍ ഒന്നുലഞ്ഞെങ്കിലും ഏഴ് പന്ത് ബാക്കിയിരിക്കെ രണ്ടു വിക്കറ്റിനാണ് രണ്ടാം മത്സരം ആതിഥേയര്‍ ജയിച്ചത്.  153 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നാലിന് 126 ല്‍ നിന്ന് എട്ടിന് 129 ലേക്ക് കൂപ്പുകുത്തിയിരുന്നു. നിക്കൊളാസ് പൂരാനെ (40 പന്തില്‍ 67) മുകേഷ്‌കുമാര്‍ പുറത്താക്കിയതോടെയാണ് കളി തിരിഞ്ഞത്. നാലോവറും രണ്ടു വിക്കറ്റും ശേഷിക്കെ 24 റണ്‍സ് വേണമായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍. അഖീല്‍ ഹുസൈനും (10 പന്തില്‍ 16 നോട്ടൗട്ട്) അല്‍സാരി ജോസഫും (8 പന്തില്‍ 10 നോട്ടൗട്ട്) അവസരത്തിനൊത്തുയര്‍ന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് (4-0-35-3) ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. യുസവേന്ദ്ര ചഹലിന് രണ്ടു വിക്കറ്റ് കിട്ടി (3-0-19-2). 
പലതവണ രക്ഷപ്പെട്ട തിലക് വര്‍മയുടെ അര്‍ധ ശതകമാണ് (41 പന്തില്‍ 51) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അടിത്തറ. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ട് തിലകിന്റെ ഇന്നിംഗ്‌സില്‍. തിലക് ഓപണര്‍ ഇശാനുമൊത്ത് മൂന്നാം വിക്കറ്റില്‍ 42 റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദിക്കുമൊത്ത് (18 പന്തില്‍ 24) അഞ്ചാം വിക്കറ്റില്‍ 38 റണ്‍സും കൂട്ടുകെട്ടുണ്ടാക്കി. സ്പിന്നര്‍ അഖീല്‍ ഹുസൈനും (2-29) പെയ്‌സര്‍മാരായ അള്‍സാരി ജോസഫ് (2-28), റൊമാരിയൊ ഷെപ്പേഡ് (2-28) എന്നിവരും രണ്ടു വീതം വിക്കറ്റെടുത്തു. 
മലയാളി ബാറ്റര്‍ സഞ്ജു സാംസണ്‍ വീണ്ടും പരാജയപ്പെട്ടു. അഖീല്‍ ഹുസൈനെ അടിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ സഞ്ജുവിനെ (7 പന്തില്‍ 7) വിക്കറ്റ്കീപ്പര്‍ നിക്കൊളാസ് പൂരാന്‍ സ്റ്റമ്പ് ചെയ്തു. ആദ്യ ട്വന്റി20യില്‍ നിര്‍ണായക ഘട്ടത്തില്‍ സഞ്ജു (12) റണ്ണൗട്ടാവുകയായിരുന്നു. ആ കളി ഇന്ത്യ നാലു റണ്‍സിന് തോറ്റു.
ഒബേദ് മക്കോയിക്കൊപ്പം ബൗളിംഗ് ഓപണ്‍ ചെയ്ത അഖീലിനെ ആദ്യ പന്ത് സിക്‌സറിനുയര്‍ത്തിയാണ് ഇശാന്‍ കിഷന്‍ (23 പന്തില്‍ 27) സ്വാഗതം ചെയ്തത്. എന്നാല്‍ ശുഭ്മന്‍ ഗില്ലിനെ (7) അള്‍സരി ജോസഫ് പുറത്താക്കുകയും സൂര്യകുമാര്‍ യാദവ് (1) കയ്ല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇശാനെ പത്താം ഓവറില്‍ റൊമാരിയൊ ഷെപ്പേഡ് ബൗള്‍ഡാക്കി. 
ഇന്ത്യ പരിക്കേറ്റ കുല്‍ദീപ് യാദവിനു പകരം രവി ബിഷ്‌ണോയിക്ക് അവസരം നല്‍കി. 
രണ്ടാമത്തെ കളിയിലും മൂന്നു സ്പിന്നര്‍മാരുമായാണ് ടീം കളിച്ചത്. ഫലത്തില്‍ ബാറ്റിംഗിന് ആശ്രയിക്കാനാവാത്ത നാല് കളിക്കാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. ആദ്യ കളിയില്‍ അഞ്ചോവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ 37 റണ്‍സ് മതിയായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍. അടുത്ത മൂന്ന് പന്തില്‍ ഹാര്‍ദിക്കും സഞ്ജുവും പുറത്തായതോടെ കളി തോറ്റു. രണ്ടാമത്തെ മത്സരത്തില്‍ പന്ത്രണ്ടാം ഓവറില്‍ നാലാം വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. അതേസമയം രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ ജയിപ്പിച്ചത് അവരുടെ വാലറ്റമാണ്. 

 

Latest News