പാരിസ് - കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നതില്‍ നിന്ന് കീലിയന്‍ എംബാപ്പെക്ക് പി.എസ്.ജി വിലക്കേര്‍പ്പെടുത്തി. ഫ്രഞ്ച് ലീഗ് ആരംഭിക്കാനിരിക്കെ പി.എസ്.ജി ഫസ്റ്റ് ടീം പുതിയ കോച്ച് ലൂയിസ് എന്റിക്വെക്ക് കീഴില്‍ തീവ്ര പരിശീലനത്തിലാണ്.
റയല്‍ മഡ്രീഡില്‍ ചേരാനാണ് എംബാപ്പെയുടെ ആഗ്രഹം. പി.എസ്.ജിയില്‍ ഈ സീസണ്‍ കൂടിയേ കരാര്‍ ബാക്കിയുള്ളൂ. എംബാപ്പെ കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ പി.എസ്.ജിക്ക് വലിയ ട്രാന്‍സ്ഫര്‍ തുക നഷ്ടപ്പെടും. അതിനാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവും മുമ്പ് എംബാപ്പെയെ കൈയൊഴിയാനുള്ള ശ്രമത്തിലാണ് ക്ലബ്ബ്. സൗദി അറേബ്യയിലെ അല്‍ഹിലാല്‍ ക്ലബ്ബ് ലോക റെക്കോര്‍ഡ് തുകയുടെ ഓഫര്‍ മുന്നോട്ടു വെച്ചെങ്കിലും എംബാപ്പെ താല്‍പര്യം കാണിച്ചിട്ടില്ല. പി.എസ്.ജിക്കു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാണ് എംബാപ്പെ.
ശനിയാഴ്ച ലോറിയന്റിനെതിരെ പി.എസ്.ജി ഫ്രഞ്ച് ലീഗ് സീസണ്‍ തുടങ്ങും. കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ പി.എസ്.ജിക്ക് ഒരു വിഹിതം ലഭിക്കുന്ന വിധത്തില്‍ ചട്ടങ്ങള്‍ തിരുത്തിയെഴുതാന്‍ ക്ലബ്ബ് ശ്രമിച്ചെങ്കിലും അതും എംബാപ്പെയുടെ ക്യാമ്പ് അംഗീകരിച്ചിട്ടില്ല.
പ്രമുഖ കളിക്കാരെ കൊണ്ടുവന്ന് ചാമ്പ്യന്‍സ് ലീഗ് നേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പി.എസ്.ജി മറ്റൊരു വഴി തേടുകയാണ്. പ്രതിഭയുള്ള കളിക്കാരെ കണ്ടെത്താനാണ് ഇപ്പോള്‍ അവരുടെ ശ്രമം. ബെന്‍ഫിക്കയില്‍ നിന്ന് പോര്‍ചുഗീസ് സ്‌ട്രൈക്കര്‍ ഗോണ്‍സാലൊ റാമോസാണ് അവസാനം ടീമിലെത്താന്‍ പോവുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഹാട്രിക് നേടിയ കളിക്കാരനാണ് ഇരുപത്തിരണ്ടുകാരന്‍.






