ലോകകപ്പ്: പാക്കിസ്ഥാന് പച്ചക്കൊടി, അഹമ്മദാബാദിന്റെ കാര്യത്തില്‍ ആശങ്ക

ലാഹോര്‍ - പ്രതീക്ഷിച്ചതു പോലെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ടീമിന് അവരുടെ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടി. മാസങ്ങളായി ഇതു സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്നാണ് പാക്കിസ്ഥാന്റെ നിലപാടെന്നും അതുകൊണ്ടാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നതെന്നും പാക്കിസ്ഥാന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ രാജ്യാന്തര സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ പ്രശ്‌നങ്ങള്‍ തടസ്സമാവരുതെന്നാണ് പാക്കിസ്ഥാന്റെ നിലപാടെന്നും പ്രസ്താവന തുടര്‍ന്നു. പാക്കിസ്ഥാന്റേത് സൃഷ്ടിപരമായ സമീപനമാണ്, ഇന്ത്യയുടേതു പോലെ നിഷേധാത്മകമല്ലെന്നും പാക്കിസ്ഥാന്‍ വാദിച്ചു. 
എന്നാല്‍ അഹമ്മദാബാദില്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും പ്രസ്താവന സൂചന നല്‍കി. പാക്കിസ്ഥാന്‍ ടീമിന്റെ സുരക്ഷയുടെ കാര്യത്തില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ അധികൃതരുമായും ഐ.സി.സിയുമായും ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഇന്ത്യയില്‍ പൂര്‍ സുരക്ഷ ഉറപ്പാക്കുമെന്നാണ് കരുതുന്നത് -പ്രസ്താവനയില്‍ പറഞ്ഞു. 
മതിയായ സുരക്ഷ ഉറപ്പ് വരുത്താനായി പാക്കിസ്താന്‍ ബോര്‍ഡ് ഐ.സി.സിയെ സമീപിക്കും. ഇന്ത്യയുമായുള്ള മത്സരം ഒക്ടോബര്‍ 15 ല്‍ നിന്ന് 14 ലേക്ക് മാറ്റാനുള്ള അഭ്യര്‍ഥന പാക്കിസ്ഥാന്‍ അംഗീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരത്തിന്റെ തിയ്യതി മാറ്റണമെന്ന് പുതിയ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിരന്തരം ഷെഡ്യൂള്‍ മാറ്റുന്നതില്‍ പാക്കിസ്ഥാന്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
 

Latest News