തിലകിന് അര്‍ധ ശതകം, ഇന്ത്യ ഏഴിന് 152

പ്രോവിഡന്‍സ് - വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 152 റണ്‍സെടുത്തു. പലതവണ രക്ഷപ്പെട്ട തിലക് വര്‍മയുടെ അര്‍ധ ശതകമാണ് (41 പന്തില്‍ 51) ഇന്നിംഗ്‌സിന്റെ അടിത്തറ. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ട് തിലകിന്റെ ഇന്നിംഗ്‌സില്‍. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (18 പന്തില്‍ 24) തിലകും അഞ്ചാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സ്പിന്നര്‍ അഖീല്‍ ഹുസൈനും (2-29) പെയ്‌സര്‍മാരായ അള്‍സാരി ജോസഫ് (2-28), റൊമാരിയൊ ഷെപ്പേഡ് (2-28) എന്നിവരും രണ്ടു വീതം വിക്കറ്റെടുത്തു. 
മലയാളി ബാറ്റര്‍ സഞ്ജു സാംസണ്‍ വീണ്ടും പരാജയപ്പെട്ടു. സ്പിന്നര്‍ അഖീല്‍ ഹുസൈനെ അടിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ സഞ്ജുവിനെ (7 പന്തില്‍ 7) വിക്കറ്റ്കീപ്പര്‍ നിക്കൊളാസ് പൂരാന്‍ സ്റ്റമ്പ് ചെയ്തു. ആദ്യ ട്വന്റി20യില്‍ നിര്‍ണായക ഘട്ടത്തില്‍ സഞ്ജു (12) റണ്ണൗട്ടാവുകയായിരുന്നു. ആ കളി ഇന്ത്യ നാലു റണ്‍സിന് തോറ്റു.
ഒബേദ് മക്കോയിക്കൊപ്പം ബൗളിംഗ് ഓപണ്‍ ചെയ്ത അഖീലിനെ ആദ്യ പന്ത് സിക്‌സറിനുയര്‍ത്തിയാണ് ഇശാന്‍ കിഷന്‍ (23 പന്തില്‍ 27) സ്വാഗതം ചെയ്തത്. എന്നാല്‍ ശുഭ്മന്‍ ഗില്ലിനെ (7) അള്‍സരി ജോസഫ് പുറത്താക്കുകയും സൂര്യകുമാര്‍ യാദവ് (1) കയ്ല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇശാനെ പത്താം ഓവറില്‍ റൊമാരിയൊ ഷെപ്പേഡ് ബൗള്‍ഡാക്കി. 
ഇന്ത്യ പരിക്കേറ്റ കുല്‍ദീപ് യാദവിനു പകരം രവി ബിഷ്‌ണോയിക്ക് അവസരം നല്‍കി. രണ്ടാമത്തെ കളിയിലും മൂന്നു സ്പിന്നര്‍മാരുമായാണ് ടീം കളിക്കുന്നത്.
 

Latest News