ഇന്ത്യxവിന്‍ഡീസ് രണ്ടാം ട്വന്റി20, ആ പാളിച്ച ഇന്ത്യ തിരുത്തും

പ്രോവിഡന്‍സ് - ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഗയാന ജോര്‍ജ്ടൗണിലെ പ്രോവിഡന്‍സില്‍ ഞായറാഴ്ച നടക്കും. മൂന്ന് സ്പിന്നര്‍മാരുമായി ആദ്യ കളിയില്‍ പാഡ് കെട്ടിയ ഇന്ത്യക്ക് സെലക്ഷനില്‍ പിഴച്ചിരുന്നു. നീണ്ട വാലറ്റമാണ് നാല് റണ്‍സ് തോല്‍വിക്ക് പ്രധാനമായും കാരണമായത്. അവസാന അംഗീകൃത ബാറ്റര്‍ അക്ഷര്‍ പട്ടേല്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് 27 പന്തില്‍ 37 റണ്‍സേ വേണ്ടിയിരുന്നുള്ളൂ. അര്‍ഷദീപ് സിംഗ് കാര്യമായി ശ്രമിച്ചെങ്കിലും പിന്തുണ കിട്ടിയില്ല. ആ പിഴവ് പരിഹരിക്കാന്‍ ഒരു സ്പിന്നറെ ഒഴിവാക്കി യശസ്വി ജയ്‌സ്വാളിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നല്‍കിയേക്കും. കുല്‍ദീപ് യാദവോ യശസ്വി ജയ്‌സ്വാളോ പുറത്താവും. 
ആദ്യ കളിയില്‍ രണ്ട് ടീമും പേടിയില്ലാതെ ആക്രമിക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ മൂന്നു പന്തിനിടെ രണ്ട് ഓപണര്‍മാരെയും നഷ്ടപ്പെട്ടിട്ടും നിക്കൊളാസ് പൂരാന്‍ അടുത്ത മൂന്ന് പന്തില്‍ രണ്ടെണ്ണം സിക്‌സറിനും ബൗണ്ടറിക്കും പായിച്ചു. അടുത്ത ഓവറില്‍ സിക്‌സറും ബൗണ്ടറിയും ആവര്‍ത്തിച്ചു. ഇന്ത്യക്കും ഓപണര്‍മാരെ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പവര്‍പ്ലേയിലെ അവസാന രണ്ട് പന്തുകള്‍ തിലക് വര്‍മ സിക്‌സറിനുയര്‍ത്തി. തിരിച്ചടികള്‍ നേരിട്ടിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പ്ലാനില്‍ നിന്ന് പിന്നോട്ടുപോയില്ല. വിന്‍ഡീസ് പെയ്‌സര്‍മാരും കൃത്യമായി നിശ്ചയിച്ചതുപോലെ പന്തെറിഞ്ഞു. 
2016 ലാണ് അവസാനമായി വെസ്റ്റിന്‍ഡീസ് തുടര്‍ച്ചയായ രണ്ട് ട്വന്റി20 മത്സരങ്ങളില്‍ ഇന്ത്യയെ തോല്‍പിച്ചത്. 
പ്രോവിഡന്‍സിലെ അവസാന രണ്ട് ട്വന്റി20 മത്സരങ്ങളും മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. അതിനു മുമ്പുള്ള മൂന്ന് മത്സരങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ 163 ആയിരുന്നു. രണ്ടു തവണയും ചെയ്‌സിംഗ് ടീം ജയിച്ചു. ഇത്തവണയും വലിയ സ്‌കോര്‍ പിറക്കാനിടയില്ല.

Latest News