ഇനിയും മാറും, ഇന്ത്യയിലെ ലോകകപ്പ് ഷെഡ്യൂള്‍ പരിഹാസ്യമാവുന്നു

മാറിയിട്ടും മാറിയിട്ടും തീരാതെ
ഇന്ത്യയിലെ ലോകകപ്പ് ഷെഡ്യൂള്‍

കൊല്‍ക്കത്ത - ഇന്ത്യ വേദിയൊരുക്കുന്ന അടുത്ത ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമത്തില്‍ വീണ്ടും ആശയക്കുഴപ്പം. ഏറെ വൈകിയാണ് ലോകകപ്പ് ഫിക്‌സ്ചര്‍ പുറത്തുവിട്ടത്. ഒരു മാസം കഴിഞ്ഞ് കഴിഞ്ഞ ദിവസം ഫിക്‌സ്ചറില്‍ മാറ്റം വരുത്തി. അതിനു പിന്നാലെയാണ് നവംബര്‍ 12 ലെ പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരം മറ്റൊരു ദിവസം നടത്തണമെന്നാവശ്യപ്പെട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സി.എ.ബി) രംഗത്തു വന്നിരിക്കുന്നത്. നവംബര്‍ 12 ബംഗാളില്‍ കാളി പൂജയുടെ ദിവസമാണ്. നവംബര്‍ 12 ന് മത്സരം സംഘടിപ്പിക്കാമെന്നാണ് സി.എ.ബിയുടെ നിര്‍ദേശം. 
പാക്കിസ്ഥാന്റെ മത്സരമായതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും കാളി പൂജ മേഖലയിലെ പ്രധാനപ്പെട്ട ഹിന്ദു ഉത്സവമായതിനാല്‍ ആവശ്യത്തിന് സുരക്ഷാ സജ്ജീകരണം സാധ്യമല്ലെന്നും കൊല്‍ക്കത്ത പോലീസ് സി.എ.ബിയെ അറിയിച്ചിരുക്കുകയാണ്. 
വ്യാഴാഴ്ചയാണ് സിറ്റി പോലീസ് മേധാവികളുമായി സി.എ.ബി ഭാരവാഹികള്‍ സംസാരിച്ചത്. ഈ വിവരം സി.എ.ബി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും അറിയിച്ചിട്ടുണ്ട്. 
നേരത്തെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരുന്നത് നവരാത്രി ആഘോഷം തുടങ്ങുന്ന ഒക്ടോബര്‍ 15 നായിരുന്നു. അഹമ്മദാബാദ് പോലീസിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഈ കളി ഒക്ടോബര്‍ 14 ലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഐ.സി.സിയോ ബി.സി.സി.ഐയോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് കളി മാറ്റിയതെന്ന വാര്‍ത്തകള്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ തള്ളുകയും ചെയ്തിരുന്നു. 
2011 ലെ ലോകകപ്പില്‍ കൊല്‍ക്കത്തയുടെ പ്രതീകങ്ങളിലൊന്നായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കളി നടത്തിയിരുന്നില്ല. അക്കാലത്ത് ഈഡനില്‍ നവീകരണം നടക്കുകയായിരുന്നു. ലോകകപ്പാവുമ്പോഴേക്കും പണികള്‍ പൂര്‍ത്തിയാവില്ലെന്ന് സ്റ്റേഡിയം സന്ദര്‍ശിച്ച ഐ.സി.സി സംഘം റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 


 

Latest News