പ്രണോയ് വീണ്ടും കിരീടത്തിനരികെ

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് കിരീടത്തിനരികെ. ഇന്ത്യക്കാര്‍ തമ്മിലുള്ള സെമി ഫൈനലില്‍ പ്രണോയ് 21-18, 21-12 ന് പ്രിയാന്‍ഷു രജാവത്തിനെ തോല്‍പിച്ചു. ലോക റാങ്കിംഗില്‍ ഇരുപത്തിനാലാം സ്ഥാനത്തുള്ള ഹോംഗ് യാംഗ് വെംഗുമായാണ് പ്രണോയ് ഫൈനലില്‍ ഏറ്റുമുട്ടുക. പ്രണോയ് ലോക പത്താം നമ്പറാണ്. മലേഷ്യന്‍ ഓപണില്‍ പ്രണോയ് കിരീടം നേടിയിരുന്നു. ഹോംഗ് യാംഗ് സെമി ഫൈനലില്‍ ലോക 17ാം റാങ്കുകാരനായ സി ജിയ ലീയെ 21-19, 13-21, 21-13 ന് തോല്‍പിച്ചു. 
വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ ചൈനീസ് വംശജ ബെയ്‌വന്‍ ഷാംഗും കൊറിയയുടെ കിം ഗാ യൂനും ഫൈനലില്‍ ഏറ്റുമുട്ടും. ബെയ്‌വന്‍ സെമി ഫൈനലില്‍ തായ്‌ലന്റുകാരി രചനോക് ഇന്തോനോണിനെയാണ് തോല്‍പിച്ചത്. ബെയ്‌വന്‍ 21-17, 8-3 ന് മുന്നില്‍ നില്‍ക്കവെ രചനോക് പരിക്കേറ്റു പിന്മാറി. കിം 21-10, 21-11 ന് ആയ ഒഹോരിയെ തകര്‍ത്തു. 
 

Latest News