ഇന്ത്യയെ തളച്ച് ജപ്പാന്‍, പാക്കിസ്ഥാനും സമനില

ചെന്നൈ - ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. ആദ്യ മത്സരത്തില്‍ ചൈനയെ 7-2 ന് തകര്‍ത്ത ആവേശവുമായി എത്തിയ ആതിഥേയര്‍ക്കെതിരെ ജപ്പാന്‍ ആദ്യം ഗോളടിക്കുകയും 1-1 സമനില നേടുകയും ചെയ്തു. ഇരുപത്തെട്ടാം മിനിറ്റില്‍ കെന്‍ നഗായോഷിയിലൂടെയാണ് ജപ്പാന്‍ ലീഡ് നേടിയത്. നാല്‍പത്തിമൂന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഗോള്‍ മടക്കി. രണ്ടു ഗോളും പെനാല്‍ട്ടി കോര്‍ണറുകളില്‍ നിന്നായിരുന്നു. ജപ്പാന്‍ ഉദ്ഘാടന മത്സരത്തില്‍ കൊറിയയോട് 1-2 ന് കീഴടങ്ങിയിരുന്നു.
ആദ്യ കളിയില്‍ മലേഷ്യയോട് തോറ്റ പാക്കിസ്ഥാന്‍ നിലവിലെ ചാമ്പ്യന്മാരായ കൊറിയക്കെതിരെ താളം കണ്ടെത്തി. പതിനെട്ടാം മിനിറ്റില്‍ അബ്ദുല്‍ ശാഹിദ് ഫീല്‍ഡ് ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ചു. കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ ജിഹുന്‍ യാംഗിന്റെ പെനാല്‍ട്ടി സ്‌ട്രോക്കിലൂടെയാണ് കൊറിയ തോല്‍വി ഒഴിവാക്കിയത്. 
ഇന്ത്യയോട് തകര്‍ന്ന ചൈന രണ്ടാം മത്സരത്തിലും വന്‍ തോല്‍വി വഴങ്ങി. മലേഷ്യ അവരെ 5-1 ന് തകര്‍ത്തു.

Latest News