റിയാദ് - റിയാദ് സീസണിന്റെ ഭാഗമായി ഒക്ടോബര്‍ 28 ന് അരങ്ങേറുന്ന ഹെവിവെയ്റ്റ് ബോക്സിംഗ് മത്സരത്തിന് 'അയേണ്‍ മൈക്ട ടൈസന് എത്തും. വേള്‍ഡ് ബോക്സിംഗ് കൗണ്‍സില്‍ ചാമ്പ്യന്‍ ടൈസന് ഫുറിക്കെതിരായ പോരാട്ടത്തില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് സ്റ്റാര്‍ ഫ്രാന്‍സിസ് എന്ഗാനുവിനൊപ്പമായിരിക്കും ടൈസന്. ഈ പോരാട്ടത്തില്‍ 100 ശതമാനവും എന്ഗാനുവിനൊപ്പമാണ് താനെന്ന് ടൈസന് പ്രഖ്യാപിച്ചു.
എന്ഗാനുവിന്റെ ഇടി കടുപ്പമേറിയതാണ്. ഒന്നു കിട്ടിയാല്‍ മതി. മത്സരം തീരും. എന്ഗാനുവിനൊപ്പം പ്രവര്‍ത്തിക്കാനാവുന്നതില്‍ സന്തോഷമുണ്ട്. മാര്‍ഷ്യല്‍ ആര്‍ട്സില്‍ നിന്ന് ബോക്സിംഗ് റിംഗിലേക്കുള്ള മാറ്റത്തെ പിന്തുണക്കാന്‍ ഒപ്പമുണ്ടാവും -ടൈസന് അറിയിച്ചു.
കാമറൂണില്‍ ജനിച്ച ഫ്രഞ്ചുകാരനായ എന്‍ഗാനുവിന് പ്രൊഫഷനല്‍ ബോക്സിംഗില്‍ പരിചയമില്ല. എന്നാല്‍ മുപ്പത്താറുകാരന്റെ ഇടി പ്രശസ്തമാണ്. കഴിഞ്ഞ ജനുവരി വരെ യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു. പ്രസിഡന്റ് ദാന വൈറ്റുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യു.എഫ്.സിയില്‍ നിന്ന് രാജി വെക്കുകയായിരുന്നു. 20 പ്രൊഫഷനല്‍ യു.എഫ്.സി പോരാട്ടങ്ങളില്‍ പതിനേഴും ജയിച്ചു. അതില്‍ 12 ജയങ്ങള്‍ നോക്കൗട്ടിലാണ്.
ബ്രിട്ടിഷ് ബോക്സര്‍ ഫുറി അവസാനം റിംഗിലിറങ്ങിയത് നാട്ടുകാരനായ ഡെറക് ചിസോറക്കെതിരെയാണ്. 10 റൗണ്ടില്‍ ജയിച്ചു.






