ചെംഗ്ദു (ചൈന) - ഇന്ത്യയുടെ ജ്യോതി യാരാജി ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെ ലോക യൂനിവേഴ്‌സിറ്റി ഗെയിംസിന്റെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടി. 12.78 സെക്കന്റിലാണ് ജ്യോതി പറന്നെത്തിയത്. ബംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ ഓപണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാപിച്ച 12.82 സെക്കന്റിന്റെ റെക്കോര്‍ഡ് ജ്യോതി മെച്ചപ്പെടുത്തി. വിശാഖപട്ടണം സ്വദേശിയായ ഇരുപത്തിമൂന്നുകാരി കോട്ടയത്ത് മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ്. ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്കായ 12.77 സെക്കന്റ് കഷ്ടിച്ചാണ് ജ്യോതിക്ക് നഷ്ടപ്പെട്ടത്.
സ്ലൊവാക്യയുടെ വിക്ടോറിയ ഫോസ്റ്റര്‍ (12.72 സെ.) സ്വര്‍ണവും ചൈനയുടെ വു യാനി (12.76 സെ.) വെള്ളിയും കരസ്ഥമാക്കി.
പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡുകാരനായ അംലന്‍ ബോര്‍ഗഹൈനും വെങ്കലം കരസ്ഥമാക്കി. 20.55 സെക്കന്റില്‍ ഓടിയെത്തിയ ഇരുപത്തഞ്ചുകാരന് സ്വന്തം ദേശീയ റെക്കോര്‍ഡ് (20.52 സെ.) തലനാരിഴക്കാണ് നഷ്ടപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ സേബൊ ഇസദോര്‍ മറ്റോസോസൊ സ്വര്‍ണവും (20.36 സെ.) ജപ്പാന്റെ യുദായ് നിഷി വെള്ളിയും (20.46 സെ.) കരസ്ഥമാക്കി.
11 സ്വര്‍ണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ചൈനയും തെക്കന്‍ കൊറിയയും ജപ്പാനുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.






