താരൂബ - വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചു മത്സര ട്വന്റി20 പരമ്പരയില്‍ ഇന്ത്യ അഞ്ചു റണ്‍സ് തോല്‍വിയോടെ തുടങ്ങി. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ച പിച്ചില്‍ പെയ്‌സ്ബൗളര്‍മാരാണ് വെസ്റ്റിന്‍ഡീസിന് വിജയമൊരുക്കിയത്. ജെയ്‌സന്‍ ഹോള്‍ഡറും ഒബേദ് മക്കോയിയും റൊമാരിയൊ ഷെപ്പേഡും രണ്ടു വിക്കറ്റ് വീതം നേടി. നിര്‍ണായക ഘട്ടത്തില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. വിന്‍ഡീസിന്റെ ആറിന് 149 പിന്തുടര്‍ന്ന ഇന്ത്യക്ക് അവസാന ഘട്ടത്തില്‍ തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. ഒമ്പതിന് 145 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിച്ചു. അവസാന പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ സിക്‌സര്‍ വേണമായിരുന്നു ജയിക്കാന്‍. മുകേഷ്‌കുമാറിന് റണ്ണെടുക്കാനായില്ല.
ഓപണര്‍മാരായ ഇശാന്‍ കിഷനും (6) ശുഭ്മന്‍ ഗില്ലും (3) പരാജയപ്പെട്ട ശേഷം സൂര്യകുമാര്‍ യാദവും (21 പന്തില്‍ 21) തിലകുമാണ് (22 പന്തില്‍ 39) ഇന്നിംഗ്‌സിന് കുതിപ്പേകിയത്. എന്നാല്‍ സൂര്യയെ ജെയ്‌സന്‍ ഹോള്‍ഡറും തിലകിനെ റൊമാരിയൊ ഷെപ്പേഡും പുറത്താക്കി. തുടര്‍ന്നു വന്ന ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും (19) സഞ്ജു സാംസണും (12) തുടക്കം മുതലാക്കാനായില്ല. ഹാര്‍ദിക്കിനെ ഹോള്‍ഡര്‍ (4-1-19-2) ബൗള്‍ഡാക്കി. കയ്ല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ഏറില്‍ സഞ്ജു റണ്ണൗട്ടായി. അവസാന പ്രതീക്ഷയായ അക്ഷര്‍ പട്ടേലിനെ (13) ഒബേദ് മക്കോയ് (4-0-17-2) പുറത്താക്കി.
ഓപണര്‍ ബ്രാന്‍ഡന്‍ കിംഗും (19 പന്തില്‍ 28) മധ്യ ഓവറുകളില്‍ നിക്കൊളാസ് പൂരാന്‍ (34 പന്തില്‍ 41), ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (32 പന്തില്‍ 48) എന്നിവര്‍ വെടിക്കെട്ട് പുറത്തെടുത്തപ്പോള്‍ വന്‍ സ്‌കോര്‍ പ്രതീക്ഷിച്ചതായിരുന്നു വിന്‍ഡീസ്. എന്നാല്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ തന്റെ ആദ്യ പന്തില്‍ കയ്ല്‍ മയേഴ്‌സിനെയും (1) രണ്ട് പന്തിനു ശേഷം ബ്രാന്‍ഡന്‍ കിംഗിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി.
മേജര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ 55 പന്തില്‍ പുറത്താവാതെ 137 റണ്‍സടിച്ച പൂരാന്‍ അതേ ഫോമിലാണ് തുടങ്ങിയത്. ഏഴ് പന്തിനിടെ രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും പറത്തി. മറുവശത്ത് പവല്‍ മൂന്നു സിക്‌സറും മൂന്നു ബൗണ്ടറിയും പായിച്ചു. പക്ഷെ അവസാന മൂന്നോവറില്‍ 21 റണ്‍സെടുക്കാനേ വിന്‍ഡീസിന് സാധിച്ചുള്ളൂ. കുല്‍ദീപ് യാദവിന്റെ ബൗളിംഗില്‍ ജോണ്‍സണ്‍ ചാള്‍സിനെ (3) തിലക് വര്‍മ ബൗണ്ടറി ലൈനില്‍ പിടിച്ചു. ഷിംറോന്‍ ഹെതമയറും (10) പരാജയപ്പെട്ടു.
ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമടങ്ങിയ പ്ലേയിംഗ് ഇലവനാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. മൂന്ന് സ്പിന്നര്‍മാരെ ടീമിലുള്‍പെടുത്തിയ ഇന്ത്യ മുംബൈ ബാറ്റര്‍ തിലക് വര്‍മക്കും ബംഗാള്‍ പെയ്‌സ്ബൗളര്‍ മുകേഷ്‌കുമാറിനും അരങ്ങേറ്റത്തിന് അവസരമൊരുക്കി. രണ്ടാഴ്ചക്കിടയിലാണ് മുകേഷ് ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും അരങ്ങേറുന്നത്. ഇശാന്‍ കിഷനെ വിക്കറ്റ്കീപ്പര്‍ ഓപണറാക്കി സഞ്ജു സാംസണിനെ ഇന്ത്യ മധ്യനിരയില്‍ ഇറക്കി. രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരില്ലാത്ത ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.






