പെര്‍ത്ത് - പുരുഷ ലോകകപ്പില്‍ കഴിഞ്ഞ വര്‍ഷം സെമിഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച മൊറോക്കൊ ടീമിലും വനിതാ ഫുട്ബോളിലും അദ്ഭുതം സൃഷ്ടിച്ചു. കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ച് അരങ്ങേറ്റത്തില്‍ അവര്‍ പ്രി ക്വാര്‍ട്ടറിലെത്തി. ആദ്യമായാണ് ഒരു അറബ് രാജ്യത്തെയും വടക്കെ ആഫ്രിക്കയിലെയും ടീം വനിതാ ലോകകപ്പില്‍ മുഖം കാണിക്കുന്നത്. ഇത്തവണ അരങ്ങേറിയ ടീമുകളില്‍ മൊറോക്കൊ ഒഴികെ ഏഴും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അനീസ് ലമാരിയാണ് ചരിത്രം കുറിച്ച ഗോളടിച്ചത്. പെനാല്‍ട്ടി ഗോളി രക്ഷിച്ചെങ്കിലും റീബൗണ്ടില്‍ അനീസക്ക് പിഴച്ചില്ല. കൊളംബിയ ഗ്രൂപ്പില്‍ നിന്ന് നേരത്തെ പ്രി ക്വാര്‍ട്ടറിലെത്തിയിരുന്നു.
കൊളംബിയക്കെതിരായ മത്സരം അവസാനിച്ചപ്പോള്‍ മൊറോക്കോക്ക് പ്രി ക്വാര്‍ട്ടര്‍ ഉറപ്പായിരുന്നില്ല. ഒരേസമയം ആരംഭിച്ച ജര്‍മനി-തെക്കന്‍ കൊറിയ മത്സരം ബ്രിസ്ബെയ്നില്‍ അവസാനിച്ചിരുന്നില്ല. ആ കളിയില്‍ ജര്‍മനി ജയിച്ചാല്‍ മൊറോക്കൊ പുറത്താവുമായിരുന്നു. സിഡ്നിയിലെ കളിക്കളത്തിലിരുന്ന് അവര്‍ ബ്രിസ്ബെയ്നിലെ മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍ ആകാംക്ഷയോടെ വീക്ഷിച്ചു. 1-1 ല്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതും മൊറോക്കൊ കളിക്കാര്‍ ആനന്ദനൃത്തം ചവിട്ടി. ഈ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ ജര്‍മനി 6-0 ന് മൊറോക്കോയെ തരിപ്പണമാക്കിയിരുന്നു. എന്നാല്‍ തെക്കന്‍ കൊറിയയെയും കൊളംബിയയെയും തോല്പിച്ച് അവര്‍ ശക്തമായി തിരിച്ചുവന്നു.
കൊറിയക്കെതിരായ മത്സരത്തില്‍ മൊറോക്കൊ ഇരട്ട നേട്ടം കൊയ്തിരുന്നു. ഇബ്തിസാം ജരയ്ദി മൊറോക്കോയുടെ ആദ്യ ലോകകപ്പ് ഗോളടിച്ചു. നുഹൈല ബെന്‍സീന ഹിജാബ് ധരിച്ച് ലോകകപ്പ് കളിക്കുന്ന ആദ്യ താരമായി.
കൊളംബിയക്കെതിരായ മത്സരം ഇഞ്ചോടിഞ്ചായിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇബ്തിസാമിനെ കൊളംബിയന്‍ ഡിഫന്റര്‍മാര്‍ ബോക്സില്‍ വീഴ്ത്തി. ഗസലാന് ശബാഖിന്റെ പെനാല്‍ട്ടി ഗോളി തടുത്തെങ്കിലും അനീസ ചാടി വീണ് വല കുലുക്കി.
്അമ്പത്തൊമ്പതാം മിനിറ്റില്‍ ഗോളി ഖദീജ അറമീഷിയുടെ മിന്നല്‍ സെയ്വ് മൊറോക്കോയുടെ ലീഡ് കാത്തു. പതിനെട്ടുകാരി സൂപ്പര്‍സ്റ്റാര്‍ ലിന്‍ഡ സായ്സീദോ വിദൂര പോസ്റ്റിലേക്ക് ഉയര്‍ത്തിയ പന്ത് ഡാനിയേല മോണ്ടോയ സമര്‍ഥമായി തിരിച്ചുവിട്ടെങ്കിലും ഖദീജയുടെ ഷൂ തലപ്പില്‍ തട്ടി ലക്ഷ്യം മാറി.
മൊറോക്കൊ ലോകകപ്പിന് യോഗ്യത നേടിയതു തന്നെ അദ്ഭുതമാണ്. കൊറിയക്കെതിരെ ആദ്യ ഗോളും ആദ്യ വിജയവും സ്വന്തമാക്കി. കൊളംബിയയെ തോല്പിച്ചതും അതുവഴി ജര്‍മനിക്ക് പുറത്തേക്ക് വഴിയൊരുക്കിയതും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.






