ന്യൂദല്‍ഹി - ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ ലൈംഗികാരോപണം നേരിടുന്ന ബ്രിജ്ഭൂഷന് ശരണ്‍ സിംഗിന്റെ നിഴല്‍ ഭരണം അനുവദിക്കില്ലെന്ന വാശിയുമായി കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ അനിത ഷ്യോറാന്. ബി.ജെ.പി എം.പിക്കെതിരായ ലൈംഗികാരോപണക്കേസിലെ സാക്ഷിയായ മുപ്പത്തെട്ടുകാരി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. 12 നാണ് തെരഞ്ഞെടുപ്പ്.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷന് ക്യാമ്പിനു തന്നെയാണ് മേല്‍ക്കൈ. ബ്രിജ്ഭൂഷന് 12 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ ഫെഡറേഷന്റെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ ബ്രിജ്ഭൂഷന്റെ സഹായി സഞ്ജയ് സിംഗ് ബബ്ലു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷനില്‍ ബ്രിജ്ഭൂഷന്റെ വലംകൈയായി പ്രവര്‍ത്തിക്കുകയായിരുന്നു. തന്റെ കുടുംബത്തില്‍ നിന്ന് ആരും തെരഞ്ഞെടുപ്പിന് ഉണ്ടാവില്ലെന്ന് പ്രമുഖ വനിതാ താരങ്ങള്‍ക്ക് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ 18 അനുയായികള്‍ മത്സര രംഗത്തുണ്ട്. 25 സംസ്ഥാന അസോസിയേഷനുകളില്‍ ഇരുപത്തിരണ്ടും തന്റെ പാനലിന് പിന്തുണ പ്രഖ്യാപിച്ചതായി ബ്രിജ്ഭൂഷന് പ്രഖ്യാപിച്ചു. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ ബ്രിജ്ഭൂഷന് ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ആസ്ഥാനം സന്ദര്‍ശിച്ചു. ഓഗസ്റ്റ് 12 നാണ് തെരഞ്ഞെടുപ്പ്. അസം, ഒഡിഷ, ഹിമാചല്‍പ്രദേശ് യൂനിറ്റുകള്‍ ഒരുമിച്ച് മത്സര രംഗത്തിറങ്ങാന്‍ ആലോചിക്കുന്നുണ്ട്.
ബ്രിജ്ഭൂഷന്റെ പാനലില്‍ ജനറല്‍ സെക്രട്ടറിയുടെ പദവിയിലേക്ക് ദര്ശന് ലാലും ട്രഷററുടെ പദവിയിലേക്ക് സത്യ ദേശ്വാളും പത്രിക നല്‍കും. ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്സിലുമൊക്കെ മെഡല്‍ നേടിയ വനിതാ താരങ്ങളാണ് ബ്രിജ്ഭൂഷനെതിരെ ലൈംഗികാരോപണമുന്നയിച്ച് ആഴ്ചകളോളം ദല്‍ഹിയില്‍ സമരം നടത്തിയത്. കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
പത്രിക നല്‍കാനുള്ള അവസാന തിയ്യതി സമാപിച്ചപ്പോള്‍ 18 പോസ്റ്റിലേക്കും മത്സരിക്കാന്‍ ബ്രിജ്ഭൂഷന് സിംഗിന്റെ ക്യാമ്പ് കച്ചമുറുക്കിയിട്ടുണ്ട്. പ്രസിഡന്റ്, ആറ് വൈസ്പ്രസിഡന്റുമാര്‍, ഏഴ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍, രണ്ട് ജോയന്റ് സെക്രട്ടറി, സെക്രട്ടറി ജനറല്‍, ട്രഷറര്‍ എന്നിങ്ങനെയാണ് പദവികള്‍.






