തുടങ്ങും മുമ്പെ ഇശാനെ വിട്ടു, പതിനാലോവറില്‍ ഇന്ത്യ 100 പിന്നിട്ടു

താരൂബ - ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ വന്‍ സ്‌കോറിലേക്ക്. ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ ഇശാന്‍ കിഷന്‍ അനുവദിച്ച ക്യാച്ച് ബാക്‌വേഡ് പോയന്റില്‍ കീസി കാര്‍ടി കൈവിട്ടു. കയ്ല്‍ മയേഴ്‌സായിരുന്നു നിരാശനായ ബൗളര്‍. തുടര്‍ന്നങ്ങോട്ട് തകര്‍ത്തടിച്ച ഇശാന്‍ 45 പന്തില്‍ രണ്ട് സിക്‌സറിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ പരമ്പരയിലെ മൂന്നാമത്തെ അര്‍ധ ശതകം തികച്ചു. ശുഭ്മന്‍ ഗില്‍ 29 പന്തില്‍ ഏഴ് ബൗണ്ടറിയുമായി 40 റണ്‍സും നേടിയതോടെ പതിമൂന്നാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യ 100 പിന്നിട്ടു. 
കൂടുതല്‍ കളിക്കാര്‍ക്ക് അവസരം നല്‍കാനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും വിട്ടുനില്‍ക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്കവാദിന് രണ്ടാമത്തെ ഏകദിനം കളിക്കാന്‍ അവസരം കിട്ടി. പത്തു വര്‍ഷത്തിനു ശേഷം ജയ്‌ദേവ് ഉനാദ്കത്തും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നേടി. അക്ഷര്‍ പട്ടേലും ഉംറാന്‍ മാലിക്കും പുറത്തായി. 17 വര്‍ഷമായി ഇന്ത്യക്കെതിരെ വിന്‍ഡീസിന് പരമ്പര ജയിക്കാനായിട്ടില്ല. രണ്ടാം മത്സരം ആറു വിക്കറ്റിന് ജയിച്ചതോടെ അവര്‍ക്ക് പ്രതീക്ഷയുയര്‍ന്നിരിക്കുകയാണ്.
 

Latest News