ക്യാച്ചാഘോഷിക്കുന്നതിനിടെ പന്ത് കൈവിട്ട് സ്റ്റോക്‌സ്

ലണ്ടന്‍ - ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ അവസാന ദിനം കൈയില്‍ കിട്ടിയ വിക്കറ്റ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് വലിച്ചെറിഞ്ഞു. ഓസ്‌ട്രേലിയ വിജയത്തിനായി പൊരുതവെ സ്റ്റീവ് സ്മിത്തിനെ പിടിച്ച ശേഷം പന്ത് മുകളിലെറിഞ്ഞ് ആഘോഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിവിട്ടത്. ലഞ്ചിനു ശേഷം മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ ഇരു ടീമുകള്‍ക്കും വിജയസാധ്യതയുണ്ട്. ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 146 റണ്‍സും ഇംഗ്ലണ്ടിന് ജയിക്കാന്‍ ഏഴു വിക്കറ്റും വേണം. 384 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. സ്മിത്തും (40 നോട്ടൗട്ട്) ട്രാവിസ് ഹെഡുമാണ് (31 നോട്ടൗട്ട്) ക്രീസില്‍. 
39 ലുള്ളപ്പോള്‍ മുഈനലിയുടെ ബൗളിംഗിലാണ് സ്മിത്ത് അവസരം നല്‍കിയത്. തലക്കു മുകളിലൂടെ പറന്ന പന്ത് ലെഗ് ഗള്ളിയില്‍ ഒരു കൈ കൊണ്ട് സ്‌റ്റോക്‌സ് പിടിച്ചു. എന്നാല്‍ കൈ താഴേക്ക് കൊണ്ടുവരവെ കാലില്‍ തട്ടി പന്ത് തെറിച്ചു. ഇംഗ്ലണ്ട് റിവ്യൂ ചെയ്‌തെങ്കിലും രക്ഷ കിട്ടിയില്ല. 
നേരത്തെ വിക്കറ്റ് പോവാതെ 135 ലാണ് ഓസ്‌ട്രേലിയന്‍ ഓപണര്‍ പുനരാരംഭിച്ചത്. എന്നാല്‍ ഡേവിഡ് വാണറെയും (60) ഉസ്മാന്‍ ഖ്വാജയെയും (72) ഒരു റണ്ണിനിടെ ക്രിസ് വോക്‌സ് പുറത്താക്കിയത് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ വീണ്ടെടുത്തു. മാര്‍നസ് ലാബുഷൈനെ (13) മാര്‍ക്ക് വുഡ് പുറത്താക്കി. വിക്കറ്റ് പോവാതെ 140 ല്‍ നിന്ന് മൂന്നിന് 169 ലേക്ക് ഓസീസ് തകര്‍ന്നു. എന്നാല്‍ സ്മിത്തും ഹെഡും ധീരമായി ചെറുത്തുനിന്നു. ആഷസ് നിലനിര്‍ത്തിയ ഓസീസ് പരമ്പരയില്‍ 2-1 ന് മുന്നിലാണ്. 
വാണറെ പതിനെട്ടാമതും അവസാനവുമായി പുറത്താക്കാനുള്ള സ്റ്റുവാര്‍ട് ബ്രോഡിന്റെ ശ്രമം വിജയിച്ചില്ല. വിരമിക്കുകയാണെന്ന് ബ്രോഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 
ഓസ്‌ട്രേലിയക്ക് വിജയിക്കണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എട്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ മറികടക്കണം. ഓവലില്‍ ജയിക്കാന്‍ ഒരു ടീം ഇതുവരെ നേടിയ ഉയര്‍ന്ന സ്‌കോര്‍ ഒമ്പതിന് 263 ആണ്. 1902 ല്‍ ഓസ്‌ട്രേലിയ. 

Latest News