മുംബൈ - ദീര്‍ഘകാലമായി പരിക്കു കാരണം വിട്ടുനില്‍ക്കുന്ന പെയ്സ്ബൗളര്‍ ജസ്പ്രീത് ബുംറ അയര്‍ലന്റിലെ ട്വന്റി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ടീമിന്റെ നായകനാണ് ബുംറ. വിക്കറ്റ്കീപ്പറുടെ സ്ഥാനം സഞ്ജു സാംസണിനാണ്. ദീര്‍ഘകാലമായി വിട്ടുനില്‍ക്കുന്ന പെയ്സ്ബൗളര്‍ പ്രസിദ്ധ് കൃഷ്ണയും പരിക്ക് മാറി ടീമിലെത്തി.
കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരെയാണ് അവസാനമായി ബുംറ ഇന്ത്യന്‍ കുപ്പായമിട്ടത്. പുറംവേദനക്ക് ശസ്ത്രക്രിയ ചെയ്ത ശേഷം രണ്ടു മാസമായി ബംഗളൂരു നാഷനല്‍ അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. തിരിച്ചുവരവില്‍ ബുംറക്ക് അമിതഭാരം ഉണ്ടാവാതിരിക്കാന്‍ റിതുരാജ് ഗെയ്കവാദിനെ ക്യാപ്റ്റനാക്കാനായിരുന്നു ആലോചന. എന്നാല്‍ ബുംറ ക്യാപ്റ്റന്‍സി കൂടി ഏറ്റെടുക്കാന്‍ തയാറായി. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ വര്‍ഷത്തെ ബേമിംഗ്ഹാം ടെസ്റ്റില്‍ ബുംറ ഇന്ത്യയെ നയിച്ചിരുന്നു.
2022 ഓഗസ്റ്റിലെ സിംബാബവെ പര്യടനത്തിനു ശേഷം പ്രസിദ്ധ് കാലിലെ പരിക്കുമായി വിട്ടുനില്‍ക്കുകയായിരുന്നു. ഡിസംബറില്‍ ശസ്ത്രക്രിയക്ക് നിര്‍ബന്ധിതനായി. ഏഷ്യന്‍ ഗെയിംസില്‍ കളിക്കുന്ന ഗയ്കവാദ്, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, ശിവം ദൂബെ എന്നിവരും അയര്‍ലന്റില്‍ കളിക്കും. പെയ്സര്‍മാരായ മുകേഷ് കുമാറും അര്‍ഷദീപ് സിംഗുമുള്പ്പെടെ കരീബിയയില്‍ കളിക്കുന്ന ഏഴു പേരും ടീമിലുണ്ട്. രവി ബിഷ്ണോയി, ശഹബാസ് അഹമദ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍ ഓള്‍റൗണ്ടര്‍മാര്‍.






