സഞ്ജുവിന്റെ ലോകകപ്പ്  സ്ഥാനം തുലാസില്‍

തരൂബ - ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യയുടെ ഒരുക്കം ഗൗരവമായ ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വേലിപ്പുറത്തിരിക്കുന്ന കളിക്കാര്‍ക്ക് ചൊവ്വാഴ്ച അവസാന അവസരം. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് ഇന്ന്. രണ്ടാം മത്സരം ഇന്ത്യ തോറ്റെങ്കിലും കോച്ച് രാഹുല്‍ ദ്രാവിഡ് നയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിജയിക്കാനുള്ള പരമ്പരയല്ലെന്നും കളിക്കാരെ പരീക്ഷിക്കാനുള്ളതാണെന്നും രണ്ടാം മത്സരം തോറ്റ ശേഷം ദ്രാവിഡ് പറഞ്ഞു. ഓരോ പരമ്പരയും ഓരോ കളിയിലെയും ഓരോ പരമ്പരയിലെയും ഫലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിശാലമായ ചിത്രം നഷ്ടമാവുമെന്നും ലോകകപ്പിനുള്ള കളിക്കാരെ കണ്ടെത്താനാണ് ഈ പരമ്പരയെന്നും ദ്രാവിഡ് വിശദീകരിച്ചു. ഈ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യക്ക് ഏഷ്യാ കപ്പും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയുമാണുള്ളത്. രണ്ടിലും പരീക്ഷണത്തിന് വലിയ സ്‌കോപ്പില്ല. അതിനാല്‍ സൂര്യകുമാര്‍ യാദവ്, ഇശാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ക്ക് ലോകകപ്പിനുള്ള ബസ്സില്‍ കയറിപ്പറ്റാന്‍ അവസാന അവസരമായിരിക്കും ഇത്.
ആദ്യ രണ്ട് മത്സരങ്ങളിലും വിരാട് കോലി ബാറ്റിംഗിന് വന്നില്ല. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ ഏഴാമനായാണ് ഇറങ്ങിയത്. ഇശാന്‍ കിഷന്‍ രണ്ട് മത്സരങ്ങളിലും അര്‍ധ ശതകം നേടി അവസരം മുതലാക്കി. സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും നിരാശപ്പെടുത്തി. സൂര്യകുമാര്‍ രണ്ട് കളികളിലും നന്നായി തുടങ്ങിയെങ്കിലും അധികം മുന്നോട്ടുപോവാനായില്ല. സഞ്ജുവിന് കിട്ടിയ ഏക അവസരത്തില്‍ ഒമ്പത് റണ്‍സിന് പുറത്തായി. 
ലോകകപ്പിന് യോഗ്യത നേടാത്ത ടീമാണ് വെസ്റ്റിന്‍ഡീസ്. അതിനാല്‍ ഇന്ത്യക്കെതിരായ പരമ്പര ജയിച്ചാല്‍ വമ്പന്മാരുടെ നിരയിലേക്ക് തിരിച്ചെത്താനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജം ലഭിക്കും. മോശം റെക്കോര്‍ഡ് തിരുത്താനുള്ള അവസരം കൂടിയായിരിക്കും ഇത്. 2006 നു ശേഷം ഇരു ടീമുകളും 12 പരമ്പരകള്‍ കളിച്ചു. പന്ത്രണ്ടും ഇന്ത്യയാണ് ജയിച്ചത്. 
ആദ്യ രണ്ടു കളികള്‍ നടന്ന ബ്രിജ്ടൗണിലെ പിച്ച് ബൗളര്‍മാരെ സഹായിക്കുന്നതായിരുന്നു. ഇശാനും ഷായ് ഹോപുമൊഴികെ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. തരൂബയിലാണ് മൂന്നാം ഏകദിനം. ഇവിടെ സീമര്‍മാര്‍ക്ക് വലിയ സഹായം ലഭിക്കില്ല. എന്നാല്‍ സ്പിന്നര്‍മാര്‍ ഒരിക്കല്‍കൂടി ആധിപത്യം പുലര്‍ത്തിയേക്കും. 
2023 ഹോപിന് പ്രതീക്ഷയുടെ വര്‍ഷമാണ്. സിക്‌സറടിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തിയതാണ് വിന്‍ഡീസിന് നായകന്റെ കുതിപ്പിന് പ്രധാന കാരണം. ശരാശരി 33 പന്തില്‍ ഒരു സിക്‌സറടിക്കാന്‍ ഇപ്പോള്‍ വിന്‍ഡീസ് ഏകദിന നായകന് കഴിയുന്നു. 2023 നു മുമ്പ് അത് 93 പന്തില്‍ ഒരു സിക്‌സറായിരുന്നു. ആദ്യ മത്സരത്തില്‍ 43 റണ്‍സെടുത്ത ഹോപ് രണ്ടാം ഏകദിനത്തില്‍ 63 റണ്‍സുമായി പുറത്താവാതെ നിന്നു. ഹോപ്പിന് 5000 റണ്‍സ് തികക്കാന്‍ 65 റണ്‍സ് കൂടി വേണം. ബാബര്‍ അസമും ഹാശിം അംലയും മാത്രമേ ഇതിനെക്കാള്‍ വേഗത്തില്‍ അയ്യായിരത്തിലെത്തിയിട്ടുള്ളൂ. 
ട്വന്റി20യില്‍ അപകടകാരിയായ ബാറ്ററായ സൂര്യകുമാറിന് ഏകദിനങ്ങളുടെ കുരുക്കഴിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 23 ഏകദിനങ്ങളില്‍ 476 റണ്‍സാണ് ആകെ സമ്പാദ്യം. ഇനിയും അവസരം നഷ്ടപ്പെടുത്തിയാല്‍ പിന്നീടൊരു തിരിച്ചുവരവ് പ്രയാസമായിരിക്കും. 
തരൂബയിലെ ബ്രയാന്‍ ലാറ സ്റ്റേഡിയം വിരുന്നൊരുക്കുന്ന പ്രഥമ ഏകദിന ഇന്റര്‍നാഷനല്‍ മത്സരമാണ് ഇത്. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ട്വന്റി20യാണ് ഇവിടെ അരങ്ങേറിയ ഏക ഇന്റര്‍നാഷനല്‍ മത്സരം. 

 

Latest News