ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ റൗണ്ട്, ഇന്ത്യയുടെയും സൗദിയുടെ വഴി ഇങ്ങനെ

ക്വാലാലംപൂര്‍ - 2026 ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. ഖത്തര്‍ ലോകകപ്പ് കഴിഞ്ഞ് ഏഴ് മാസം പിന്നിടും മുമ്പാണ് അടുത്ത ലോകകപ്പിന്റെ ഏഷ്യന്‍ മത്സരങ്ങള്‍ക്ക് കാഹളം മുഴങ്ങിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ആതിഥേയരും നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരുമായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ. മുന്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ കുവൈത്തും ഈ ഗ്രൂപ്പിലാണ്. ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെങ്കിലുമെത്തണം. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യക്ക് താരതമ്യേന പാത എളുപ്പമാണ്. ജോര്‍ദാനും താജിക്കിസ്ഥാനുമാണ് സൗദിയുടെ ഗ്രൂപ്പിലെ മറ്റു പ്രധാന ടീമുകള്‍. 
സൗദി ഫുട്‌ബോള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചു നില്‍ക്കുന്ന സമയമാണ് ഇത്. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും കരീം ബെന്‍സീമയുമുള്‍പ്പെടെ ലോകോത്തര കളിക്കാര്‍ അടുത്ത സൗദി പ്രൊ ലീഗില്‍ പന്ത് തട്ടുന്നുണ്ട്. ഒമ്പത് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ 2027 ലെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടും. അടുത്ത ഏഷ്യന്‍ കപ്പ് സൗദിയിലാണ്. 
അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി വേദിയൊരുക്കുന്ന അടുത്ത ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടുതലായി അവസരം ലഭിക്കും. നിലവിലെ 32 ടീമുകള്‍ക്ക് പകരം 48 ടീമുകള്‍ പങ്കെടുക്കും. ഏഷ്യക്ക് നാല് സ്ഥാനവും ഒരു പ്ലേഓഫും എന്നതിനു പകരം എട്ട് സ്ഥാനവും ഒരു പ്ലേഓഫുമാണ് ലഭിക്കുക. 
പ്രാഥമിക റൗണ്ടിന് ശേഷം നവംബര്‍ മുതല്‍ 2024 ജൂണ്‍ വരെയാണ് രണ്ടാം ഘട്ടം. 2024 സെപ്റ്റംബര്‍ മുതല്‍ 2025 ജൂണ്‍ വരെ മൂന്നാം ഘട്ടം അരങ്ങേറും. മൂന്നാം ഘട്ടത്തില്‍ നിന്ന് ആറ് ടീമുകള്‍ ലോകകപ്പ് യോഗ്യത നേടും. അവശേഷിച്ച രണ്ട് സ്ഥാനങ്ങള്‍ നിര്‍ണയിക്കാനുള്ള മത്സരങ്ങള്‍ 2025 ഒക്ടോബറിലാണ്. പ്ലേഓഫ് സ്ഥാനം നിര്‍ണയിക്കാനുള്ള കളികള്‍ 2025 നവംബറിലും. 
ഇന്ത്യയും സൗദിയും രണ്ടാം ഘട്ടത്തിലാണ് യോഗ്യതാ റൗണ്ടില്‍് പ്രവേശിക്കുക. കഴിഞ്ഞ മാസം മൂന്ന് കിരീട വിജയങ്ങളിലൂടെ ഫിഫ റാങ്ക് ഒരു സ്ഥാനം മെച്ചപ്പെടുത്തിയതിനാലാണ് ഇന്ത്യക്ക് പ്രാഥമിക റൗണ്ട് ഒഴിവാക്കാന്‍ സാധിച്ചത്. 

ഗ്രൂപ്പ് എ: ഖത്തര്‍, ഇന്ത്യ, കുവൈത്ത്, അഫ്ഗാനിസ്ഥാന്‍/മംഗോളിയ
ഗ്രൂപ്പ് ബി: ജപ്പാന്‍, സിറിയ, വടക്കന്‍ കൊറിയ, മ്യാന്മര്‍/മക്കാവു
ഗ്രൂപ്പ് സി: തെക്കന്‍ കൊറിയ, ചൈന, തായ്‌ലന്റ്, സിംഗപ്പൂര്‍/ഗുവാം
ഗ്രൂപ്പ് ഡി: ഒമാന്‍, കിര്‍ഗിസ്ഥാന്‍, മലേഷ്യ, തായ്‌വാന്‍/കിഴക്കന്‍ തിമൂര്‍
ഗ്രൂപ്പ് ഇ: ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഹോങ്കോംഗ്/ഭൂട്ടാന്‍
ഗ്രൂപ്പ് എഫ്: ഇറാഖ്, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ/ബ്രൂണയ്
ഗ്രൂപ്പ് ജി: സൗദി, ജോര്‍ദാന്‍, താജിക്കിസ്ഥാന്‍, കംബോഡിയ/പാക്കിസ്ഥാന്‍
ഗ്രൂപ്പ് എച്ച്: യു.എ.ഇ, ബഹ്‌റൈന്‍, യെമന്‍/ശ്രീലങ്ക, നേപ്പാള്‍/ലാവോസ്
ഗ്രൂപ്പ് ഐ: ഓസ്‌ട്രേലിയ, ഫലസ്തീന്‍, ലെബനോന്‍, മാലദ്വീപ്/ബംഗ്ലാദേശ്

ലോകകപ്പിലേക്കുള്ള
ഏഷ്യന്‍ പാത ഇങ്ങനെ

ഏഷ്യന്‍ യോഗ്യതാ റൗണ്ടിന് മൂന്ന് ഘട്ടങ്ങളുണ്ട്. ആദ്യ റൗണ്ടില്‍ ഏറ്റവും റാങ്കിംഗ് കുറഞ്ഞ 20 ടീമുകളാണ് കളിക്കുക. 10 ടീമുകള്‍ വീതം പരസ്പരം ഹോം ആന്റ് എവേയായി ഏറ്റുമുട്ടും. വിജയിക്കുന്ന 10 ടീമുകള്‍ അതില്‍നിന്ന് 10 ടീമുകള്‍ രണ്ടാം റൗണ്ടിലെത്തും. 
ഈ 10 ടീമുകളുള്‍പ്പെടെ 36 ടീമുകളാണ് രണ്ടാം ഘട്ടത്തില്‍ മാറ്റുരക്കുക. സൗദി അറേബ്യയും ഇന്ത്യയും ഈ ഘട്ടത്തിലാണ് യോഗ്യതാ റൗണ്ട് തുടങ്ങുക. നവംബര്‍ മുതല്‍ 2024 ജൂണ്‍ വരെയാണ് ഈ ഘട്ടം. നാല് ടീമുകള്‍ വീതമുള്ള ഒമ്പത് ഗ്രൂപ്പുകളുണ്ടാവും. ഓരോ ഗ്രൂപ്പിലെയും രണ്ട് ടീമുകള്‍ മൂന്നാം ഘട്ടത്തിലേക്ക് മുന്നേറും. ആകെ 18 ടീമുകള്‍. 
മൂന്നാം ഘട്ടത്തില്‍ 18 ടീമുകളെ ആറ് ടീമുകളുള്ള മൂന്നു ഗ്രൂ്പ്പായി തിരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ലോകകപ്പിന് യോഗ്യത നേടും. 
അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത് പ്ലേഓഫുകളിലൂടെയാണ്. ഇതിനായി മൂന്നാം ഘട്ടത്തിലെ മൂന്ന് ഗ്രൂപ്പിലെയും മൂന്നും നാലും സ്ഥാനക്കാരെ രണ്ട് ഗ്രൂപ്പായി തിരിക്കും. മൂന്നു ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകള്‍. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും ലോകകപ്പിന് യോഗ്യത നേടും. മൂന്ന് ഗ്രൂപ്പിലെയും റണ്ണേഴ്‌സ്അപ് പരസ്പരം ഏറ്റുമുട്ടും. അതിലെ വിജയികള്‍ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേഓഫിന് യോഗ്യത നേടും. 

Latest News