ഏകദിന ടീമില്‍ നിന്ന് സിറാജിനെ ഒഴിവാക്കി, നാട്ടിലേക്കു മടങ്ങി

ബ്രിജ്ടൗണ്‍ - വെസ്റ്റിന്‍ഡീസിനെതിരെ ഇന്ന് ബാര്‍ബഡോസിലെ ബ്രിജ്ടൗണ്‍ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ പെയ്‌സ്ബൗളര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. വിശ്രമം നല്‍കാന്‍ വേണ്ടിയാണ് ഇത്. സിറാജ് നാട്ടിലേക്കു മടങ്ങി. പകരം ആരെയും ടീമിലുള്‍പെടുത്തിയിട്ടില്ല. ടെസ്റ്റ് കളിക്കാരായ ആര്‍. അശ്വിന്‍, അജിന്‍ക്യ രഹാനെ, കെ.എസ്. ഭരത്, നവദീപ് സയ്‌നി എന്നിവരും നാട്ടിലേക്ക് തിരിച്ചു. 
സിറാജിന്റെ അഭാവത്തില്‍ ശാര്‍ദുല്‍ താക്കൂറാണ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളര്‍. 35 കളികളില്‍ 50 വിക്കറ്റ്. അവശേഷിച്ച പെയ്‌സര്‍മാരായ ഉംറാന്‍ മാലിക്, ജയ്‌ദേവ് ഉനാദ്കത്, മുകേഷ്‌കുമാര്‍ എന്നിവര്‍ മൊത്തം കളിച്ചത് 15 ഏകദിനങ്ങളാണ്. അതില്‍ മുകേഷ് ഇതുവരെ ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല. ഇന്ത്യന്‍ അരങ്ങേറ്റം വെസ്റ്റിന്‍ഡീസിനെതിരെ കഴിഞ്ഞ ദിവസം സമനിലയില്‍ അവസാനിച്ച രണ്ടാം ടെസ്റ്റിലായിരുന്നു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്. 
ഏഷ്യാ കപ്പും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും ലോകകപ്പും വരാനിരിക്കെയാണ് സിറാജിന് വിശ്രമം നല്‍കിയിരിക്കുന്നത്. രണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു പെയ്‌സര്‍. ഐ.പി.എല്‍ മുതല്‍ സിറാജ് നിരന്തരമായി കളിക്കുകയാണ്. 2022 മാര്‍ച്ചിലാണ് സിറാജ് അവസാനം ഏകദിനം കളിച്ചത്. 
ഇന്ത്യയില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിനായി കരീബിയയില്‍ ഇന്ത്യ അന്തിമ ഒരുക്കം തുടങ്ങുന്നു. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പര ഇന്ന് ബാര്‍ബഡോസില്‍ ആരംഭിക്കും. ലോകകപ്പിന് വെസ്റ്റിന്‍ഡീസ് യോഗ്യത നേടിയിട്ടില്ല. അതിനാല്‍ തന്നെ ഈ പരമ്പര വിജയിക്കാന്‍ അവര്‍ക്ക് കാര്യമായ പ്രചോദനമൊന്നും ഉണ്ടാവില്ല. സിംബാബ്‌വെയില്‍ നടന്ന ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിലെ നിരാശക്കു ശേഷം തങ്ങളെ എഴുതിത്തള്ളാനായിട്ടില്ലെന്ന് തെളിയിക്കുകയാവും അവരുടെ പ്രധാന ഉദ്ദേശ്യം. 2027 ലെ ലോകകപ്പില്‍ 14 ടീമുകള്‍ക്ക് പ്രവേശനമുണ്ടാവും. അതിനാല്‍ ഈ അവസ്ഥയിലും അവര്‍ക്ക് അടുത്ത ലോകകപ്പ് കളിക്കാനായേക്കും. ഷിംറോന്‍ ഹെത്മയറും ഒഷെയ്ന്‍ തോമസും ദീര്‍ഘ ഇടവേളക്കു ശേഷം തിരിച്ചെത്തുകയാണ്. പരിക്ക് ഭേദമായി ഗുഡകേഷ് മോതിയും യാനിക് കരയ്യയും ജെയ്ദന്‍ സീല്‍സും തിരിച്ചെത്തുന്നു. ജെയ്‌സന്‍ ഹോള്‍ഡറും നിക്കൊളാസ് പൂരാനും കീമൊ പോളും ലഭ്യമല്ല. ഇന്ത്യ സമീപകാലത്ത് മൂന്ന് ഓള്‍റൗണ്ടര്‍മാരെ ടീമിലുള്‍പെടുത്തുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജദേജക്കും സ്ഥാനമുറപ്പാണ്. അക്ഷര്‍ പട്ടേലോ ശാര്‍ദുല്‍ താക്കൂറോ ആയിരിക്കും മൂന്നാമന്‍. സ്പിന്നോ പെയ്‌സോ എന്നതിനനുസരിച്ചായിരിക്കും ഇവരിലൊരാള്‍ തെരഞ്ഞെടുക്കപ്പെടുക. വിക്കറ്റ്കീപ്പറുടെ സ്ഥാനത്തിനായി ഇശാന്‍ കിഷനും സഞ്ജു സാംസണും മത്സരിക്കും. ഉംറാന്‍ മാലിക്, ജയ്‌ദേവ് ഉനാദ്കാത്, മുകേഷ്‌കുമാര്‍ എന്നിവരിലൊരാള്‍ക്ക് പെയ്‌സ്ബൗളിംഗ് നിരയിലും അവസരം ലഭിക്കും. 
പുതിയ നിരയെയാണ് ഇന്ത്യക്കെതിരെ വിന്‍ഡീസ് ഇറക്കുക. 
ഷിംറോന്‍ ഹെത്മയറിനെ തിരിച്ചുവിളിച്ചാണ് വിന്‍ഡീസ് ഈ പരമ്പര കളിക്കുന്നത്. ഇന്ത്യക്കെതിരെ രണ്ട് സെഞ്ചുറിയുണ്ട് ഹെത്മയറിന്. 2021 ജൂലൈ മുതല്‍ ഹെത്മയറിന് ടീമില്‍ ഇടം ലഭിക്കാതിരുന്നത് കളിയുമായി ബന്ധപ്പെട്ട കാരണങ്ങളാലല്ല. പുതിയ തുടക്കം അവസരമാക്കാനാണ് ഹെത്മയര്‍ ശ്രമിക്കുക. 
കെന്‍സിംഗ്ടണ്‍ ഓവലിലെ പിച്ച് പ്രവചനാതീതമാണ്. സ്പിന്നര്‍മാര്‍ക്കും സീമര്‍മാര്‍ക്കും ഒരുപോലെ പിന്തുണ കിട്ടുമെന്നാണ് കരുതുന്നത്. പരമ്പരയിലെ മൂന്നു കളികളും പകല്‍ മത്സരങ്ങളാണ്. വെസ്റ്റിന്‍ഡീസിനെതിരായ അവസാന എട്ട് ഏകദിനങ്ങളും ഇന്ത്യയാണ് ജയിച്ചത്. 2019 ഡിസംബറില്‍ ചെന്നൈയിലായിരുന്നു വിന്‍ഡീസിനെതിരെ ഇന്ത്യയുടെ അവസാന തോല്‍വി.

Latest News