റിയാദ് - ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രതിഫലം പറ്റുന്ന കളിക്കാരനാവാന്‍ സൗദി അറേബ്യയിലെ അല്‍ഹിലാല്‍ ക്ലബ്ബ് വെച്ചുനീട്ടിയ അവസരം കീലിയന്‍ എംബാപ്പെ സ്വീകരിക്കില്ലെന്ന് സൂചന. ഇരുപത്തിനാലുകാരനുമായി ചര്‍ച്ച നടത്താന്‍ പി.എസ്.ജി പച്ചക്കൊടി കാട്ടിയതോടെ അല്‍ഹിലാല്‍ പ്രതിനിധികള്‍ പാരിസിലെത്തിയെങ്കിലും അവരെ കാണാന്‍ താരം തയാറായിട്ടില്ലെന്നാണ് സൂചന. അല്‍ഹിലാലില്‍ ചേരാന്‍ താന്‍ താല്പര്യം കാണിച്ചിട്ടില്ലെന്ന നിലപാടിലാണ് എംബാപ്പെ. ബ്രസീല്‍ താരം മാല്‍ക്കവുമായി കരാറൊപ്പിടാനാണ് പ്രധാനമായും അല്‍ഹിലാല്‍ പ്രതിനിധികള്‍ വന്നത്. അതിനിടയിലാണ് എംബാപ്പെയുമായി ചര്‍ച്ച നടത്താന്‍ പി.എസ്.ജി അനുമതി നല്‍കിയത്. കഴിഞ്ഞ നാലു സീസണുകളില്‍ സെനിറ്റ് സെയ്ന്റ്പീറ്റേഴ്സ്ബര്ഗിനു കളിച്ച മാല്‍ക്കവുമായി നാലു വര്‍ഷത്തെ കരാറില്‍ അല്‍ഹിലാല്‍ ഒപ്പിട്ടു.
ക്ലബ്ബ് വിടാന്‍ പി.എസ്.ജി വ്യക്തമായ നിര്‍ദേശം നല്‍കിയെങ്കിലും എംബാപ്പെയുടെ മനസ്സിലിരിപ്പ് വ്യക്തമല്ല. പണത്തെക്കാള്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോലുള്ള വേദികളാണ് എംബാപ്പെ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പി.എസ്.ജിയില്‍ റിസര്‍വ് ബെഞ്ചിലിരുത്തപ്പെടുന്ന ദുരന്തമൊഴിവാക്കാന്‍ ഒരു വര്‍ഷം അല്‍ഹിലാലിന് കളിക്കുമെന്നും കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ റയല്‍ മഡ്രീഡിലേക്ക് ചേക്കേറുമെന്നും മറ്റു റിപ്പോര്‍ട്ടുകളുമുണ്ട്.
ലോക റെക്കോര്‍ഡായ 30 കോടി യൂറോയാണ് ഹിലാല്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. മാസം 5.9 കോടി യൂറോ (530 കോടി രൂപ) യൂറോ താരത്തിന് ലഭിക്കും. പ്രതിദിനം ഏതാണ്ട് പതിനേഴരക്കോടി രൂപ.
പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് എംബാപ്പെ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ താരത്തെ കൈയൊഴിയേണ്ടത് പി.എസ്.ജിയുടെ ആവശ്യമായി. കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ എംബാപ്പെക്ക് ഫ്രീയായി ഇറങ്ങിപ്പോവാം. ഒരു പൈസ പോലും ക്ലബ്ബിന് കിട്ടില്ല. റയല്‍ മഡ്രീഡിന് പുറമെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇന്റര്‍ മിലാന്, ബാഴ്സലോണ, ടോട്ടനം എന്നിവയും രംഗത്തുണ്ട്. എന്നാല്‍ ഹിലാലിനെ വെല്ലുന്ന ഓഫര്‍ മുന്നോട്ടുവെക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഈ സീസണില്‍ ലോണായി മറ്റേതെങ്കിലും എംബാപ്പെ കളിച്ചാല്‍ പി.എസ്.ജിക്ക് വലിയ പ്രതിഫലം ലഭിക്കും. പി.എസ്.ജിയുമായുള്ള കരാര്‍ പൂര്‍ത്തിയാക്കുമെന്നാണ് എംബാപ്പെയുടെ നിലപാട്. ക്ലബ്ബ് വിടാനോ കരാര്‍ പുതുക്കാനോ തയാറായില്ലെങ്കില്‍ എംബാപ്പെയെ റിസര്‍വ് ബെഞ്ചിലിരുത്തി ശിക്ഷിക്കാനേ പി.എസ്.ജിക്കു കഴിയൂ. ഈ വര്‍ഷം പി.എസ്.ജിയില്‍ തുടരാനും അടുത്ത സീസണില്‍ റയലിലേക്ക് ട്രാന്‍സ്ഫര്‍ തുകയില്ലാതെ മാറാനുമാണ് എംബാപ്പെയുടെ പദ്ധതിയെന്ന് പി.എസ്.ജി കരുതുന്നു.






