മെസ്സി-ടയ്‌ലര്‍ കൂട്ടുകെട്ട് തളിര്‍ക്കുന്നു

ഫോര്‍ട് ലോഡര്‍ഡെയ്ല്‍ - ഇന്റര്‍ മയാമിക്കു വേണ്ടി ആദ്യമായി ഫസ്റ്റ് ഇലവനില്‍ ഇറങ്ങിയ കളി ലിയണല്‍ മെസ്സി ഇരട്ട ഗോളോടെ ആഘോഷിച്ചു. മറ്റൊരു ഗോളിന് അവസരമൊരുക്കുകയും ചെയ്തു. 4-0 ന് അറ്റ്‌ലാന്റ യുനൈറ്റഡിനെ തോല്‍പിച്ച് മയാമി ലീഗ്‌സ് കപ്പില്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. പകരക്കാരനായിറങ്ങിയ ആദ്യ മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഫ്രീകിക്ക് ഗോളോടെ മെസ്സി ഇന്റര്‍ മയാമിക്ക് വിജയം സമ്മാനിച്ചിരുന്നു. 
ഇത്തവണ എട്ടാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോള്‍. ബാഴ്‌സലോണയിലെ സഹതാരമായിരുന്ന സെര്‍ജിയൊ    ബുസ്‌ക്വെറ്റ്‌സായിരുന്നു അവസരമൊരുക്കിയത്. ഫിന്‍ലന്റുകാരനായ വിംഗര്‍ റോബര്‍ട് ടയ്‌ലറുമായി മെസ്സി നല്ല താളപ്പൊരുത്തം പ്രദര്‍ശിപ്പിച്ചു. ഇരുപത്തിരണ്ടാം മിനിറ്റില്‍ മെസ്സി വീണ്ടും സ്‌കോര്‍ ചെയ്തു. മെസ്സിയുടെ പാസില്‍ നിന്ന് ബെഞ്ചമിന്‍ ക്രെമാഷി ഗോളടിച്ചതോടെ 3-0 നാണ് മയാമി ഇടവേളക്ക് പോയത്. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റില്‍ സ്വന്തം പകുതിയില്‍ നിന്ന് മെസ്സി കയറ്റിക്കൊണ്ടുവന്ന പന്തിലാണ് ടയ്‌ലര്‍ ഗോള്‍ നേടിയത്. 78ാം മിനിറ്റില്‍ മെസ്സിയെ കോച്ച് പിന്‍വലിച്ചു. 
അറ്റ്‌ലാന്റക്ക് പെനാല്‍ട്ടി ലഭിച്ചെങ്കിലും ആശ്വാസ ഗോള്‍ നേടാനായില്ല. അര്‍ജന്റീനക്കാരനായ തിയാഗൊ അല്‍മാദയുടെ ഷോട്ട് മയാമി ഗോളി ഡ്രൂ കലന്തര്‍ രക്ഷിച്ചു. 

Latest News