ബ്രിജ്ടൗണ് - ഇന്ത്യയില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിനായി കരീബിയയില്‍ ഇന്ത്യ അന്തിമ ഒരുക്കം തുടങ്ങുന്നു. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പര ഇന്ന് ബാര്‍ബഡോസില്‍ ആരംഭിക്കും. ലോകകപ്പിന് വെസ്റ്റിന്‍ഡീസ് യോഗ്യത നേടിയിട്ടില്ല. അതിനാല്‍ തന്നെ ഈ പരമ്പര വിജയിക്കാന്‍ അവര്‍ക്ക് കാര്യമായ പ്രചോദനമൊന്നും ഉണ്ടാവില്ല. സിംബാബ്വെയില് നടന്ന ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിലെ നിരാശക്കു ശേഷം തങ്ങളെ എഴുതിത്തള്ളാനായിട്ടില്ലെന്ന് തെളിയിക്കുകയാവും അവരുടെ പ്രധാന ഉദ്ദേശ്യം. 2027 ലെ ലോകകപ്പില്‍ 14 ടീമുകള്‍ക്ക് പ്രവേശനമുണ്ടാവും. അതിനാല്‍ ഈ അവസ്ഥയിലും അവര്‍ക്ക് അടുത്ത ലോകകപ്പ് കളിക്കാനായേക്കും. ഷിംറോന്‍ ഹെത്മയറും ഒഷെയ്ന് തോമസും ദീര്‍ഘ ഇടവേളക്കു ശേഷം തിരിച്ചെത്തുകയാണ്. പരിക്ക് ഭേദമായി ഗുഡകേഷ് മോതിയും യാനിക് കരയ്യയും ജെയ്ദന്‍ സീല്‍സും തിരിച്ചെത്തുന്നു. ജെയ്സന് ഹോള്‍ഡറും നിക്കൊളാസ് പൂരാനും കീമൊ പോളും ലഭ്യമല്ല. ഇന്ത്യ സമീപകാലത്ത് മൂന്ന് ഓള്‍റൗണ്ടര്‍മാരെ ടീമിലുള്പെടുത്തുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജദേജക്കും സ്ഥാനമുറപ്പാണ്. അക്ഷര്‍ പട്ടേലോ ശാര്‍ദുല്‍ താക്കൂറോ ആയിരിക്കും മൂന്നാമന്. സ്പിന്നോ പെയ്സോ എന്നതിനനുസരിച്ചായിരിക്കും ഇവരിലൊരാള്‍ തെരഞ്ഞെടുക്കപ്പെടുക. വിക്കറ്റ്കീപ്പറുടെ സ്ഥാനത്തിനായി ഇശാന് കിഷനും സഞ്ജു സാംസണും മത്സരിക്കും. ഉംറാന്‍ മാലിക്, ജയ്ദേവ് ഉനാദ്കാത്, മുകേഷ്കുമാര്‍ എന്നിവരിലൊരാള്‍ക്ക് പെയ്സ്ബൗളിംഗ് നിരയിലും അവസരം ലഭിക്കും.
പുതിയ നിരയെയാണ് ഇന്ത്യക്കെതിരെ വിന്‍ഡീസ് ഇറക്കുക.
ഷിംറോന്‍ ഹെത്മയറിനെ തിരിച്ചുവിളിച്ചാണ് വിന്‍ഡീസ് ഈ പരമ്പര കളിക്കുന്നത്. ഇന്ത്യക്കെതിരെ രണ്ട് സെഞ്ചുറിയുണ്ട് ഹെത്മയറിന്. 2021 ജൂലൈ മുതല്‍ ഹെത്മയറിന് ടീമില്‍ ഇടം ലഭിക്കാതിരുന്നത് കളിയുമായി ബന്ധപ്പെട്ട കാരണങ്ങളാലല്ല. പുതിയ തുടക്കം അവസരമാക്കാനാണ് ഹെത്മയര്‍ ശ്രമിക്കുക.
കെന്‍സിംഗ്ടണ്‍ ഓവലിലെ പിച്ച് പ്രവചനാതീതമാണ്. സ്പിന്നര്‍മാര്‍ക്കും സീമര്‍മാര്‍ക്കും ഒരുപോലെ പിന്തുണ കിട്ടുമെന്നാണ് കരുതുന്നത്. പരമ്പരയിലെ മൂന്നു കളികളും പകല്‍ മത്സരങ്ങളാണ്. വെസ്റ്റിന്‍ഡീസിനെതിരായ അവസാന എട്ട് ഏകദിനങ്ങളും ഇന്ത്യയാണ് ജയിച്ചത്. 2019 ഡിസംബറില്‍ ചെന്നൈയിലായിരുന്നു വിന്‍ഡീസിനെതിരെ ഇന്ത്യയുടെ അവസാന തോല്‍വി.






