എംബാപ്പെക്ക് സ്വപ്നസാക്ഷാൽക്കാരം

എംബാപ്പെ കുട്ടിക്കാലത്ത്
എംബാപ്പെ കുട്ടിക്കാലത്ത് ക്രിസ്റ്റ്യാനോക്കൊപ്പം. 
ലോകകപ്പുമായി. 

മോസ്‌കൊ - ഈ ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ലൂക്ക മോദ്‌റിച്ചായിരിക്കാം. എന്നാൽ ഓർമകളിൽ നിറഞ്ഞുനിൽക്കുക കീലിയൻ എംബാപ്പെ എന്ന പയ്യന്റെ പുഞ്ചിരിയും എക്‌സ്പ്രസ് വേഗവുമായിരിക്കും. ടൂർണമെന്റിലെ മികച്ച യുവതാരമായി പത്തൊമ്പതുകാരൻ തെരഞ്ഞെടുക്കപ്പെട്ടു. നാലു ഗോളോടെ ആദ്യ ലോകകപ്പിൽ ആരാധക ഹൃദയം കീഴടക്കിയ എംബാപ്പെക്കു മുന്നിൽ വിജയങ്ങളുടെ വലിയ വാതായനമാണ് തുറന്നുകിടക്കുന്നത്. 


2008 മുതൽ 2012 വരെ സ്‌പെയിൻ ലോകം കീഴടക്കിയതു പോലെ നിരവധി വർഷങ്ങൾ ആധിപത്യം തുടരാൻ ഈ ടീമിന് സാധിക്കും. ബെഞ്ചമിൻ പവാഡ്, റഫായേൽ വരാൻ, സാമുവേൽ ഉംറ്റിറ്റി, ലുക്കാസ് ഹെർണാണ്ടസ് എന്നിവരടങ്ങിയ പിൻനിരയുടെ ശരാശരി പ്രായം 23 മാത്രമാണ്. മുൻനിരയിൽ ഉസ്മാൻ ദെംബെലെയുണ്ട്. ആന്റോയ്ൻ ഗ്രീസ്മാനും പോൾ പോഗ്ബയും കഴിവിന്റെ പാരമ്യത്തിലാണ്. 


മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ബഹുമതിയിൽ മോദ്‌റിച്ചിനും ബെൽജിയത്തിന്റെ എഡൻ ഹസാഡിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി ഗ്രീസ്മാൻ. കഴിഞ്ഞ യൂറോ കപ്പിലെ മികച്ച കളിക്കാരനായിരുന്നു. ഇത്തവണ ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനവുമുണ്ട് ഗ്രീസ്മാന്. അർജന്റീനക്കെതിരായ പ്രി ക്വാർട്ടറിലും ക്രൊയേഷ്യക്കെതിരായ ഫൈനലിലും പെലെയെ ഓർമിപ്പിച്ച പ്രകടനമാണ് എംബാപ്പെ കാഴ്ചവെച്ചത്.
 'ഞാൻ തുടങ്ങിയിട്ടേയുള്ളൂ, ഇനിയുമൊരുപാട് കഥകളെഴുതാനുണ്ട്' -എംബാപ്പെ പറഞ്ഞു. കീലിയൻ ഈ രീതിയിലാണ് ഗോളടിക്കുന്നതെങ്കിൽ ബൂട്ട് പൊടി തട്ടിയെടുക്കേണ്ടി വരുമെന്ന് പെലെ തമാശ പറഞ്ഞു. 

Latest News